
മൂന്നാര്‍: വന്യമൃഗ ശല്യം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളില്‍ തീരുമാനം കൈകൊള്ളാന്‍ മൂന്നാറില്‍ പ്രത്യേക യോഗം ചേര്‍ന്നു. വന്യ മൃഗശല്യം അതിരൂക്ഷമായി തുടരുന്ന മൂന്നാര്‍, ദേവികുളം, അടിമാലി അടക്കമുള്ള പ്രദേശങ്ങളിലെ വിഷയം ചര്‍ച്ച ചെയ്യുന്നതിനായിട്ടാണ് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസില്‍ പ്രത്യേക യോഗം ചേര്‍ന്നത്.
വന്യജീവി ശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഓരോ പഞ്ചായത്തിലെയും പ്രതിനിധികള്‍ വനവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങളെ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളും മുമ്പോട്ടു വെച്ചു. നഷ്ടപരിഹാരം വിതരണം നടത്തുന്നതും പ്രതിരോധ മാര്‍ഗങ്ങള്‍ വേഗത്തിലാക്കുന്നതിനും നടപടി വേണ ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. എന്നാല്‍ മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ക്ക് വേഗത പോരെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി പറഞ്ഞു.

12ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് പങ്കെടുക്കുന്ന യോഗത്തിന് മുന്നോടിയായിട്ടാണ് ഇന്ന് യോഗം നടന്നത്. ഈ യോഗത്തില്‍ പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. ഹൈറേഞ്ച് സര്‍ക്കിള്‍ സി സി എഫ് ഉള്‍പ്പെടെയുള്ള ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, എം പി അഡ്വ. ഡീന്‍ കുര്യാക്കോസ്, ദേവികുളം എം എല്‍ എ അഡ്വ. എ രാജ അടക്കമുള്ള ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തു.