
മൂന്നാര്‍: മൂന്നാറില്‍ വീണ്ടും കാട്ടാന ആക്രമണം. മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റില്‍ ഓട്ടോറിക്ഷ കാട്ടാന ആക്രമിച്ചു. പുതുക്കാട് എസ്റ്റേറ്റ് സ്വദേശി സുഭാഷ് ആയിരുന്നു ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. രാത്രി ഒമ്പതരയോടെ നല്ലതണ്ണി ഇന്‍സ്റ്റന്‍ഡ് റ്റീ ഡിവിഷന് ഫാക്ടറിയില്‍ നിന്നും കല്ലാറിലേക്ക് പോകും വഴി മാലിന്യ സംസ്കരണ പ്ലാന്റിന് സമീപത്തു വച്ചായിരുന്നു ആക്രമണം ഉണ്ടായത്. ഓട്ടോറിക്ഷയുടെ മുന്‍ ഭാഗം കാട്ടാന തകര്‍ത്തു.

ആനയുടെ മുമ്പില്‍ പെട്ട ഓട്ടോറിക്ഷയില്‍ ഡ്രൈവറും സുഹൃത്തും ഇറങ്ങി ഓടി. ഈ സമയം പുതുക്കാട് സ്വദേശികളായ സത്രീകളും കുട്ടികളും വാഹനത്തില്‍ ഉണ്ടായിരുന്നു. വാഹനത്തില്‍ നിന്നും ഇറങ്ങി ഓടിയവര്‍ പോയ ഭാഗത്തേക്ക് കാട്ടാന നീങ്ങിയതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച്ച സമാനമായ രീതിയിലായിരുന്നു കന്നിമല എസ്റ്റേറ്റില്‍ കാട്ടാന ഓട്ടോറിക്ഷ ആക്രമിച്ചത്. ആക്രമണത്തില്‍ കന്നിമല സ്വദേശി സുരേഷ് കുമാര്‍ മരിച്ചിരുന്നു.