കേരള വിധവാ സംഘത്തിന്റെ പതിനാലാമത് സംസ്ഥാന സമ്മേളനം ഈ മാസം 24, 25 തീയതികളില്‍ അടിമാലിയില്‍

അടിമാലി: കേരള വിധവാ സംഘത്തിന്റെ പതിനാലാമത് സംസ്ഥാന സമ്മേളനം അടിമാലിയില്‍ നടക്കും. സമ്മേളനത്തില്‍ 200 ഓളം പ്രതിനിധികള്‍ പങ്കെടുക്കും.വിപുലമായ പരിപാടികളോടെയാണ് കേരള വിധവാ സംഘത്തിന്റെ പതിനാലാമത് സംസ്ഥാന സമ്മേളനം രണ്ട് ദിവസങ്ങളിലായി അടിമാലിയില്‍ ക്രമീകരിച്ചിട്ടുള്ളത്. അടിമാലി എം ഇ മീരാന്‍ മെമ്മോറിയല്‍ ട്രെയിനിംങ്ങ് സെന്ററില്‍ ക്രമീകരിച്ചിട്ടുള്ള കെ എം ഗിരിജാ നഗറില്‍ ആണ് 24, 25 തീയതികളിലായി സമ്മേളനം നടക്കുന്നത്. സെമിനാറുകള്‍, കലാ മത്സരങ്ങള്‍, ജനറല്‍ കൗണ്‍സില്‍ മീറ്റ്, പ്രതിനിധി സമ്മേളനം, സാംസ്‌കാരിക സമ്മേളനം, പ്രകടനം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
24ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സിനിമാതാരം സോണിയ മല്‍ഹാര്‍ ഉദ്ഘാടനം ചെയ്യും. 25ന് വാര്‍ഷിക സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.24ന് ഉച്ചക്ക് രണ്ട് മണിക്ക് സംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന കെ എം ഗിരിജയുടെ വേര്‍പാടിലുള്ള അനുസ്മരണ സമ്മേളനത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ശരണ്യ സ്വാശ്രയ സംഘങ്ങളും സ്വയം തൊഴില്‍ സംരംഭങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. കെ ടി ഗീത അധ്യക്ഷത വഹിക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
25ന് നടക്കുന്ന വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന യോഗത്തില്‍ സംഘടനാ സംസ്ഥാന ചെയര്‍മാന്‍ ടി എന്‍ രാജന്‍ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി കെ എം ഗിരിജ സ്മാരക അവാര്‍ഡ് പ്രഖ്യാപനം നടത്തും. പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ള സ്‌നേഹാദരവ് 2025ന്റെ ഉദ്ഘാടനം അഡ്വ. എ രാജ എം എല്‍ എ നിര്‍വ്വഹിക്കും. പുതിയ സംസ്ഥാന സമിതി തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും. സമ്മേളനത്തിന്റെ ഭാഗമായി സംഘടനാംഗങ്ങള്‍ക്ക് വേണ്ടിയുള്ള വിവിധ മത്സരങ്ങളും ക്രമീകരിച്ചിട്ടുണ്ട്. മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ നിര്‍വ്വഹിക്കും.
അടിമാലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംഘടനാ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടി എന്‍ രാജന്‍, സംസ്ഥാന പ്രസിഡന്റ്് മോളി ചാര്‍ളി, ജനറല്‍ സെക്രട്ടറി രജനി ഉദയന്‍, സ്വാഗതസംഘം ചെയര്‍മാന്‍ എല്‍ രാജന്‍, കണ്‍വീനര്‍ ലിസി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന വിവിധ ആവശ്യങ്ങളടങ്ങിയ മെമെമ്മോറാണ്ടം സംഘടന സര്‍ക്കാരിന് സമര്‍പ്പിക്കും.