
അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാത കടന്നു പോകുന്ന നേര്യമംഗലം വനമേഖലയില്‍ പാതയോരത്ത് സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ നടപടി വേണമെന്നാവശ്യം. ഇരുചക്രവാഹന യാത്രികര്‍ ഉള്‍പ്പെടെ രാത്രികാലത്തും നേര്യമംഗലം വനമേഖലയിലൂടെ സഞ്ചരിക്കാറുണ്ട്. മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാര വാഹനങ്ങളും രാത്രികാലങ്ങളില്‍ ഇതുവഴി കടന്നു പോകുന്നു.
രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ വാഹനാപകടങ്ങള്‍ സംഭവിക്കുന്ന ഇടമെന്ന നിലയിലും കാട്ടാനയുടെ സാന്നിധ്യമുള്ള പ്രദേശമെന്ന നിലയിലും വഴിവിളക്കുകള്‍ സ്ഥാപിക്കപ്പെട്ടാല്‍ വനമേഖലയിലൂടെയുള്ള രാത്രി യാത്ര കൂടുതല്‍ സുഗമമാകുമെന്ന വാദമുയരുന്നു. നേര്യമംഗലം പാലം മുതല്‍ വാളറവരെയാണ് വനമേഖലയിലൂടെ സഞ്ചരിക്കേണ്ടതായുള്ളത്. അര്‍ധരാത്രി പിന്നിട്ടാല്‍ വനമേഖലയിലൂടെ കടന്നു വരുന്ന വാഹനങ്ങളുടെ എണ്ണം കുറയും.

മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാര വാഹനങ്ങളും ഭാരവണ്ടികളുമാണ് അര്‍ധരാത്രിക്ക് ശേഷം കൂടുതലായി വനമേഖലയിലൂടെ കടന്നു പോകുന്നത്. വനമേഖലയില്‍ പലയിടത്തും മൊബൈല്‍ സിഗ്‌നനല്‍ ലഭ്യമല്ല. രാത്രികാലത്ത് വനമേഖലയില്‍ വച്ച് വാഹനം തകരാറിലാവുകയോ മറ്റോ ചെയ്താല്‍ യാത്രക്കാര്‍ കൂരാകൂരിരുട്ടിലാകും. വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ കടന്നുവരുന്ന പാതയെന്ന നിലയില്‍ നേര്യമംഗലം വനമേഖലയെ രാത്രികാലത്തും പ്രകാശപൂരിതമാക്കാന്‍ നടപടി ഉണ്ടാകണമെന്നാണാവശ്യം.