
അടിമാലി: ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടമ്മ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അടിമാലി കാഞ്ഞിരവേലിയില്‍ വീണ്ടും കാട്ടാന ആക്രമണം. രണ്ട് ദിവസമായി ജനവാസ മേഖലയിലൂടെ ചുറ്റിത്തിരിയുന്ന കാട്ടാനകള്‍ പ്രദേശത്ത് വ്യാപക നാശം വരുത്തി. കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് പ്രദേശത്ത് രൂപം കൊണ്ടത്. കാഞ്ഞിരവേലി മേഖലയിലെ കാട്ടാന ശല്യം പ്രതിരോധിക്കാന്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുമെന്ന് അന്ന് വനം വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ പ്രദേശത്ത് വീണ്ടും കഴിഞ്ഞ രണ്ട് ദിവസമായി കാട്ടാന ശല്യം തുടരുകയാണ്.
ആനകള്‍ കൂട്ടത്തോടെയിറങ്ങി വ്യാപക കൃഷിനാശമാണ് വരുത്തിയത്. തെങ്ങും കമുകും ഉള്‍പ്പടെയുള്ള കൃഷികള്‍ കാട്ടാന നശിപ്പിച്ചു. രണ്ട് ഏക്കറോളം വരുന്ന സ്ഥലത്തെ കൃഷിവിളകള്‍ ആനകള്‍ നശിപ്പിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് കാട്ടാനകള്‍ വരുത്തിയിട്ടുള്ളത്. ആനകള്‍ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങിയതോടെ ആളുകളും ഭീതിയിലാണ്.
പകല്‍ അപ്രതീക്ഷിതമായി പാഞ്ഞെത്തിയ കാട്ടാനയായിരുന്നു കഴിഞ്ഞ ദിവസം വീട്ടമ്മയുടെ ജീവന്‍ കവര്‍ന്നത്. പ്രദേശത്തെ കാട്ടാന ശല്യം പ്രതിരോധിക്കാന്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കുന്നു.