KeralaLatest NewsLocal news

റോഡ് തകര്‍ന്നിട്ട് 5 വര്‍ഷം, നിര്‍മ്മാണമാരംഭിച്ചിട്ട് 2 വര്‍ഷം; പണിതിട്ടും പണിതിട്ടും പണിതീരാതെ പെരുമ്പന്‍കുത്ത് ആറാംമൈല്‍ അമ്പതാംമൈല്‍ റോഡ്

2018ലെ പ്രളയകാലത്തായിരുന്നു ഈ റോഡ് തകര്‍ന്നത്. മണ്ണിടിച്ചില്‍ മൂലം റോഡിന്റെ ചില ഭാഗങ്ങള്‍ പൂര്‍ണ്ണമായി തകര്‍ന്നു.

മാങ്കുളം: പണിതിട്ടും പണിതിട്ടും പണിതീരാത്തൊരു റോഡാണ് പെരുമ്പന്‍കുത്ത് ആറാംമൈല്‍ അമ്പതാംമൈല്‍ റോഡ്. മാങ്കുളം ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളില്‍ ഒന്നാണിത്. ആദിവാസി ഇടങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് പുറം ലോകത്തേക്ക് യാത്ര ചെയ്യാനുള്ള ഒരേ ഒരു മാര്‍ഗ്ഗമാണീ പാത. പക്ഷെ കഴിഞ്ഞ 5 വര്‍ഷത്തിലധികമായി ഈ റോഡ് പ്രദേശവാസികള്‍ക്ക് നല്‍കുന്ന ദുരിതം ചെറുതല്ല. 2018ലെ പ്രളയകാലത്തായിരുന്നു ഈ റോഡ് തകര്‍ന്നത്. മണ്ണിടിച്ചില്‍ മൂലം റോഡിന്റെ ചില ഭാഗങ്ങള്‍ പൂര്‍ണ്ണമായി തകര്‍ന്നു. ടാറിംഗ് ഇളകി യാത്ര ദുരിതമായി.

2019ലെ മഴക്കെടുതി കൂടിയായതോടെ റോഡിന്റെ സ്ഥിതി കൂടുതല്‍ മോശമായി. ഇടിഞ്ഞ് പോയ ഭാഗങ്ങള്‍ മണ്ണിടിച്ച് നിരത്തി യാത്രാ യോഗ്യമാക്കി. അന്ന് തൊട്ടിന്നുവരെ യാത്രായോഗ്യമായ റോഡിന് വേണ്ടി കാത്തിരിക്കുകയാണ് പ്രദേശവാസികള്‍. കാത്തിരിപ്പുകള്‍ക്കൊടുവില്‍ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി റോഡ് നിര്‍മ്മാണത്തിനായി തുക അനുവദിച്ചു. 2022 മാര്‍ച്ച് 26ന് നിര്‍മ്മാണ ഉദ്ഘാടനം നടത്തി നിര്‍മ്മാണ ജോലികള്‍ക്ക് തുടക്കം കുറിച്ചു. പതിമൂന്ന് ദിവസങ്ങള്‍ കൂടി കഴിയുമ്പോള്‍ റോഡ് നിര്‍മ്മാണമാരംഭിച്ചിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇടിഞ്ഞ് പോയ ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചു. മണ്ണ് ജോലികള്‍ നടത്തി മെറ്റല്‍ വിരിച്ചു. ചിലയിടത്ത് കലുങ്കുകള്‍ നിര്‍മ്മിച്ചു.

ഏതാനും ചില ഭാഗത്തെ കോണ്‍ക്രീറ്റ് ജോലികളും നടത്തി പക്ഷെ നിര്‍മ്മാണമാരംഭിച്ച് രണ്ട് വര്‍ഷത്തോടടുക്കുമ്പോഴും ടാറിംഗ് ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. പാകിയ മെറ്റലിളകിയതോടെ യാത്ര അതീവ ദുഷ്‌ക്കരമാണ്. നാളിത്ര പിന്നിട്ടിട്ടും നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കാത്തതില്‍ പ്രദേശവാസികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ഏതൊരാവശ്യത്തിനും പ്രദേശവാസികള്‍ക്ക് പുറംലോകത്തേക്ക് യാത്ര ചെയ്യേണ്ടുന്ന റോഡാണ് 5 വര്‍ഷത്തോളമായി ഇങ്ങനെ തകര്‍ന്ന് കിടക്കുന്നത്.

ബസ് സര്‍വ്വീസുകള്‍ നിലച്ചു, യാത്രാ ക്ലേശം

റോഡ് തകരുന്നതിന് മുമ്പ് ഇതുവഴി ചില ബസ് സര്‍വ്വീസുകള്‍ നടന്ന് വന്നിരുന്നു. റോഡിന്റെ സ്ഥിതി മോശമായതോടെ ഈ സര്‍വ്വീസുകള്‍ നിലച്ചു. ഓട്ടോറിക്ഷകളും ജീപ്പുകളുമൊക്കെയാണ് വര്‍ഷങ്ങളായി ആളുകള്‍ യാത്രക്കായി ആശ്രയിക്കുന്നത്. ടാക്‌സി കൂലിയായി നല്‍കേണ്ടുന്ന തുക ആളുകള്‍ക്ക് അധിക ബാധ്യതയാകുന്നു. ഇതുവഴി സര്‍വ്വീസ് നടത്തുന്ന വാഹന ഉടമകളുടെ സ്ഥിതിയും മറിച്ചല്ല. അധിക ഇന്ധനചിലവിനൊപ്പം വാഹനങ്ങള്‍ക്ക് പതിവായി ഉണ്ടാകുന്ന കേടുപാടുകള്‍ വാഹന ഉടമകള്‍ക്കും ബാധ്യത വരുത്തുന്നു.

റോഡിന്റെ ശോചനീയാവസ്ഥ മൂലം അവശ്യഘട്ടങ്ങളില്‍ വാഹനം ലഭിക്കാന്‍ കാലതാമസം നേരിടുന്ന സ്ഥിതിയും ആളുകളെ വലക്കുന്നു. ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്ക് പോകുന്നവരും വിദ്യാര്‍ത്ഥികളുമൊക്കെ യാത്രാ ക്ലേശം നേരിടുന്നുണ്ട്. ഇരുചക്രവാഹനയാത്രികരൊക്കെ ഏറെ സാഹസികമായാണ് തകര്‍ന്നു കിടക്കുന്ന റോഡിലൂടെ യാത്ര ചെയ്യുന്നത്.

മഴയിങ്ങെത്താറായി കഴിഞ്ഞ മഴക്കാലത്ത് യാത്ര നിലച്ചു

രണ്ട് മാസങ്ങള്‍കൂടി പിന്നിട്ടാല്‍ വീണ്ടും മഴക്കാലമെത്തും. അതിന് മുമ്പ് ഈ വര്‍ഷമെങ്കിലും റോഡിന്റെ ടാറിംഗ് നടത്തണമെന്നാണ് ആവശ്യം. കഴിഞ്ഞ മഴക്കാലം പ്രദേശവാസികള്‍ക്ക് ദുരിതകാലമായിരുന്നു. ഈ റോഡില്‍ മുമ്പ് കോണ്‍ക്രീറ്റ് ചെയ്തിരുന്ന ഭാഗങ്ങളൊക്കെയും പുതിയ നിര്‍മ്മാണമാരംഭിച്ചതോടെ കുത്തിപൊളിച്ചിരുന്നു.

മഴക്കാലമെത്തിയതോടെ ഈ ഭാഗമൊക്കെയും ചെളികുണ്ടായി കാല്‍നടയാത്ര പോലും ദുരിതമായി. മഴക്കാലമെത്തുന്നതിന് തൊട്ടുമുമ്പ് സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിനായി മണ്ണ് നീക്കി. എന്നാല്‍ നിര്‍മ്മാണ ജോലികള്‍ ഇഴഞ്ഞു. മഴ കനത്തതോടെ റോഡ് പൂര്‍ണ്ണമായും ഇടിഞ്ഞ് യാത്ര നിലച്ചു. ദിവസങ്ങളോളം യാത്രാ ദുരിതം സമ്മാനിച്ച ശേഷം ഈ ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഈ മഴക്കാലത്തിന് മുമ്പെങ്കിലും നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്നാണ് ആവശ്യം.

ജനകീയ പ്രതിഷേധം ഉയര്‍ന്നിട്ടും കാര്യമുണ്ടായില്ല

നിര്‍മ്മാണമാരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടും പൂര്‍ത്തീകരണം സാധ്യമാകാതെ വന്നതോടെ ജനകീയ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിര്‍മ്മാണത്തിനെത്തിച്ച മണ്ണ് മാന്തിയന്ത്രങ്ങള്‍ കൊണ്ടുപോകാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ സാമഗ്രികള്‍ കൊണ്ടുപോകാനാവില്ലെന്ന് ആളുകള്‍ നിലപാടെടുത്തു. നിര്‍മ്മാണച്ചുമതല ഏറ്റെടുത്തവര്‍ക്കെതിരെയും ജനരോഷമുണ്ടായി. ജനപ്രതിനിധികളുടെയും രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയുമൊക്കെ നേതൃത്വത്തില്‍ പിന്നീട് ചര്‍ച്ച നടന്നിരുന്നു.

നിര്‍മ്മാണ ജോലികള്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തീകരിക്കാമെന്ന ഉറപ്പിന്‍മേല്‍ അന്ന് പ്രദേശവാസികളുടെ പ്രതിഷേധമടങ്ങി. പക്ഷെ പ്രതിഷേധ ശേഷം മാസങ്ങള്‍ പിന്നിടുമ്പോഴും നിര്‍മ്മാണ പൂര്‍ത്തീകരണം സാധ്യമാക്കിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!