
മൂന്നാര്‍: ദേവികുളത്ത് കാട്ടാന കൂട്ടം പലചരക്കു കട തകര്‍ത്തു. ഇന്ന് പുലര്‍ച്ചെ എത്തിയ കാട്ടാനക്കൂട്ടമാണ് ദേവികുളം ഫാക്ടറി ഡിവിഷനിലെ പലചരക്കുകടക്ക് നേരെ ആക്രമണം നടത്തിയത്. ഫാക്ടറി ഡിവിഷന്‍ സ്വദേശി ബാലാജിയുടെ കടയാണ് ആക്രമണത്തില്‍ നശിച്ചത്. പുലര്‍ച്ചെ നാല് മണിയോടെ എത്തിയ കാട്ടാനകള്‍ ഒരു മണിക്കൂറോളം സ്ഥലത്ത് നിലയുറപ്പിച്ച ശേഷമാണ് മടങ്ങിയത്.

ആറ് ആനകള്‍ ഉള്‍പ്പെട്ട കൂട്ടമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. രണ്ട് ഉപ്പ് ചാക്കുകളുമായിട്ടാണ് ആനകള്‍ കാട്ടിലേക്ക് മടങ്ങിയത്. ആറു മാസത്തിന് മുമ്പ് ഇതേ കട കാട്ടാനയുടെ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. എസ്്‌റ്റേറ്റ് മേഖലകളില്‍ കാട്ടാനകളുടെ സാന്നിധ്യം ദിവസവും വര്‍ധിച്ചു വരികയാണ്.ഇത് കുടുംബങ്ങളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.