മച്ചിപ്ലാവ് പാർപ്പിട സമുച്ചയത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമായില്ല; വോട്ട് ബഹിഷ്ക്കരണത്തിന് കുടുംബങ്ങൾ

അടിമാലി: അടിമാലി മച്ചിപ്ലാവിലെ ലൈഫ് പാർപ്പിട സമുച്ചയത്തിൽ താമസക്കാരായ കുടുംബങ്ങൾ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്ക്കരിക്കാൻ ഒരുങ്ങുന്നു. സമുച്ചയത്തിൽ താമസക്കാരായുള്ള എൺപതിലധികം കുടുംബങ്ങളാണ് വോട്ട് ബഹിഷ്ക്കരിക്കാൻ തീരുമാനം കൈ കൊണ്ടിട്ടുള്ളത്.
ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി മച്ചിപ്ലാവിൽ പണികഴിപ്പിച്ചിട്ടുള്ള പാർപ്പിട സമുച്ചയത്തിൽ പരാധീനതകൾ നിരവധിയാണെന്ന് കുടുംബങ്ങൾ പറയുന്നു. മലിനജല സംസ്ക്കരണമുൾപ്പെടെ പരിഹാരം കാണേണ്ടുന്ന പ്രശ്നങ്ങൾ നിരവധിയുണ്ട്. നിരന്തരം ആവശ്യം ഉന്നയിച്ചിട്ടും പരാതികൾ സമർപ്പിച്ചിട്ടും പ്രശ്ന പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്ക്കരണത്തിന് കുടുംബങ്ങൾ തീരുമാനം കൈ കൊണ്ടിട്ടുള്ളത്.

പാർപ്പിട സമുച്ചയത്തിൽ താമസക്കാരായുള്ള എൺപതിലധികം കുടുംബങ്ങൾ ചേർന്നാണ് തീരുമാനം കൈ കൊണ്ടിട്ടുള്ളത്. ജീവിതം ദുസഹമാക്കുന്ന തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ വോട്ട് തേടി മുന്നണികളാരും പാർപ്പിട സമുച്ചയത്തിലേക്കെത്തേണ്ടെന്നാണ് കുടുംബങ്ങളുടെ നിലപാട്.

വോട്ട് ബഹിഷ്ക്കരണം ചൂണ്ടിക്കാട്ടി കുടുംബങ്ങൾ പാർപ്പിട സമുച്ചയത്തിന് മുമ്പിൽ ബോർഡ് സ്ഥാപിച്ച് കഴിഞ്ഞു. പാർപ്പിട സമുച്ചയത്തിൽ കൃത്യമായ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുക, മലിനജല സംസ്ക്കരണം കുറ്റമറ്റതാക്കുക, ഖരമാലിന്യ സംസ്ക്കരണം കാര്യക്ഷമമാക്കുക, പാർപ്പിട സമുച്ചയ കോമ്പൗണ്ടിനുള്ളിലെ ദുർഗന്ധം ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് കുടുംബങ്ങൾ പ്രധാനമായും മുമ്പോട്ട് വയ്ക്കുന്നത്.