
അടിമാലി: മാങ്കുളം ആനക്കുളം റോഡില്‍ പേമരം വളവില്‍ അപകടത്തില്‍പ്പെട്ട ട്രാവലര്‍ കൊക്കയില്‍ നിന്നും ഉയര്‍ത്തി. കൂറ്റന്‍ ക്രെയിനിന്റെ സഹായത്താല്‍ ഇന്നലെ വൈകുന്നേരമാണ് വാഹനം കൊക്കയില്‍ നിന്നുയര്‍ത്തി റോഡിലെത്തിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ടായിരുന്നു തമിഴ്‌നാട്ടില്‍ നിന്നും മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ സംഘം യാത്രചെയ്തിരുന്ന വാഹനം മാങ്കുളം ആനക്കുളം റോഡിലെ പേമരം വളവില്‍ അപകടത്തില്‍പ്പെട്ടത്. ട്രാവലര്‍ നൂറടിയോളം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. കൂറ്റന്‍ ക്രെയിനിന്റെ സഹായത്താല്‍ വാഹനം കൊക്കയില്‍ നിന്നുയര്‍ത്തി റോഡിലെത്തിച്ചു.
പാതയോരത്തെ ക്രാഷ്ബാരിയറും തകര്‍ത്തായിരുന്നു ട്രാവലര്‍ കൊക്കയിലേക്ക് പതിച്ചത്. പാറക്കല്ലുകള്‍ നിറഞ്ഞ ഭാഗത്തായിരുന്നു വാഹനം കിടന്നിരുന്നത്. മുന്‍ ഭാഗം പാറക്കല്ലുകളിലും പിന്‍ഭാഗം മരത്തിലും തങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു വാഹനം. വീഴ്ച്ചയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണ്ണമായി തന്നെ തകര്‍ന്നു. അപകടത്തില്‍ നാല് പേരുടെ ജീവന്‍ നഷ്ടമായിരുന്നു. പത്തിലധികം പേര്‍ക്ക് പരിക്ക് സംഭവിക്കുകയും ചെയ്തിരുന്നു.