
മാങ്കുളം: കല്ലാര്‍ മുതല്‍ ആനക്കുളം വരെയുള്ള റോഡില്‍ ഏറ്റവും അധികം അപകട സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണ് മാങ്കുളം ആനക്കുളം റോഡിലെ പേമരം വളവ്. നിരവധി വാഹനാപകടങ്ങള്‍ ഇതിനോടകം സംഭവിച്ച് കഴിഞ്ഞു. ബി എം ബി സി നിലവാരത്തില്‍ റോഡ് മുഖം മിനുക്കും മുമ്പും ഇവിടെ അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. റോഡ് നവീകരിച്ച ശേഷവും അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു.
സുരക്ഷക്കായി ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ള ക്രാഷ് ബാരിയറുകളും അപകട മുന്നറിയിപ്പ് ബോര്‍ഡുകളും സുരക്ഷ ഉറപ്പാക്കാന്‍ പോന്നതല്ലെന്ന് പരിസരവാസികള്‍ പറയുന്നു. ഇറക്കവും കൊടുംവളവും നിറഞ്ഞ ഭാഗമാണിവിടം. ആദ്യമായി എത്തുന്നവര്‍ക്ക് റോഡിന്റെ ദിശ പെട്ടന്ന് മനസ്സിലാകില്ല. റോഡ് നവീകരിച്ചതോടെ വാഹനങ്ങള്‍ ഇതുവഴി വേഗതയില്‍ കടന്നു പോകുന്ന സാഹചര്യമുണ്ട്. മുമ്പ് വാഹനങ്ങള്‍ അപകടത്തില്‍ പെട്ടപ്പോഴൊക്കെയും തലനാരിഴക്കാണ് വലിയ അപകടമൊഴിവായി പോയത്. മുന്നറിയിപ്പ് ബോര്‍ഡും ക്രാഷ് ബാരിയറും സ്ഥാപിച്ചിട്ടും അപകടം കുറയാത്ത സാഹചര്യത്തില്‍ പേമരം വളവാരംഭിക്കുന്ന ഭാഗത്തും അവസാനിക്കുന്ന ഭാഗത്തും വീതി വര്‍ധിപ്പിച്ച് വളവ് നിവര്‍ത്തിയാല്‍ മാത്രമെ പ്രദേശത്തെ അപകട സാധ്യത പൂര്‍ണ്ണമായി ഒഴിവാക്കാനാകുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

വളവാരംഭിക്കുന്ന ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് മണ്ണിട്ട് നികത്തിയാല്‍ വീതി വര്‍ധിക്കും. വളവ് അവസാനിക്കുന്ന ഭാഗത്തെ മണ്‍തിട്ട നീക്കിയാല്‍ വീതി വര്‍ധിക്കുന്നതിനൊപ്പം റോഡിന്റെ ദിശയും വ്യക്തമാകും. സമീപത്തെ വീടിന് സുരക്ഷ ഒരുക്കാന്‍ ഈ ഭാഗത്ത് സംരക്ഷണ ഭിത്തിയും കെട്ടി നല്‍കണം. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ ഇറക്കം ആരംഭിക്കുന്നതിന് മുമ്പ് ഹമ്പ് സ്ഥാപിക്കണമെന്നും കൈനഗിരി മുതല്‍ ആനക്കുളം വരെയുള്ള റോഡിലെ കൊടും വളവുകളും കുത്തിറക്കവും അപകട സാധ്യതയും സൂചിപ്പിച്ച് വിവിധയിടങ്ങളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്. മധ്യവേനല്‍ അവധി ആരംഭിക്കുന്നതോടെ മാങ്കുളത്തേക്കെത്തുന്ന സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കും. അതിന് മുമ്പായി അപകടം നിയന്ത്രിക്കുവാനുള്ള ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം.