ഇടുക്കി പണിക്കൻക്കുടിയിൽ നാലു വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കി

അടിമാലി: പണിക്കൻകുടിയിൽ നാലു വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കി . പണിക്കൻകുട്ടി പെരുംപള്ളിക്കുന്നേൽ രഞ്ജിനി(30)യാണ് മകനായ ആദിത്യനെ(4) കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. വീടിന്റെ ജനാലയിൽ മകനെ കെട്ടിതൂക്കിയ ശേഷം രഞ്ജിനി തൂങ്ങി മരിക്കുകയായിരുന്നു. ഭർത്താവായ ഷാർലറ്റും രഞ്ജിനിയും മകനും മാത്രമായിരുന്നു വീട്ടിൽ താമസം ഉണ്ടായിരുന്നത്. ഭർത്താവ് പണിക്ക് പോയതായിരുന്നു. സംഭവത്തിനു മുൻപേ ഷാർലറ്റിനെ ഫോണിലൂടെ ബന്ധപ്പെട്ടതായും പറയപ്പെടുന്നു. രഞ്ജിനിക്ക് മുൻപ് മാനസികമായ പ്രശ്നങ്ങൾ ഉള്ളതായാണ് വിവരം.
വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കുട്ടിയെ അടിമാലി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രഞ്ജിനിയുടെ മൃതദേഹം ഫോറൻസിക് ഉദ്യോഗസ്ഥർ എത്തിയതിനു ശേഷം മാത്രമേ തുടർ നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റുകയുള്ളൂ . വെള്ളത്തൂവൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.



