
അടിമാലി: അടിമാലി ഇരുമ്പുപാലത്ത് യുവാവ് പുഴയില്‍ മുങ്ങിമരിച്ചു. പടികപ്പ് സ്വദേശി ജോസ്ബിനാണ് മരിച്ചത്. ദേവിയാര്‍ പുഴയില്‍ വല ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഞായറാഴ്ച്ച വൈകുന്നേരത്തോടെയായിരുന്നു അപകടം സംഭവിച്ചത്. ഇരുമ്പുപാലത്തിന് സമീപം ദേവിയാര്‍പുഴയിലാണ് അപകടമുണ്ടായത്.
മരിച്ച ജോസ്ബിനും സുഹൃത്തുക്കളുമൊരുമിച്ച് വലകെട്ടി മീന്‍ പിടിക്കാനായിട്ടായിരുന്നു ദേവിയാര്‍ പുഴയില്‍ എത്തിയത്. ആദ്യം ഒരു തവണ വല കെട്ടി യുവാക്കള്‍ മീന്‍ പിടിച്ചു. വീണ്ടും രണ്ടാമത് വലകെട്ടാനായി പോകുന്നതിനിടയില്‍ ജോസ്ബിന്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. ജോസ്ബിന്‍ അപകടത്തില്‍പ്പെട്ട വിവരം തിരിച്ചറിഞ്ഞതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷപ്പെടുത്തുവാന്‍ ശ്രമം നടത്തി.
ശ്രമം വിഫലമായതോടെ സമീപവാസികളുടെ സഹായം തേടി. ആളുകള്‍ എത്തി യുവാവിനെ പുഴയില്‍ നിന്ന് കരക്കെത്തിച്ച് അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദേവിയാര്‍ പുഴയില്‍ ആഴമുള്ള ഭാഗത്താണ് യുവാവ് മീന്‍ പിടിക്കാന്‍ ഇറങ്ങിയതെന്നാണ് വിവരം. അടിമാലി പോലീസ് തുടര്‍ നടപടി സ്വീകരിച്ചു.