
അടിമാലി: അഴകില്‍ പറന്നിറങ്ങുന്ന മയിലുകളെ കാണാന്‍ അടിമാലിക്കാര്‍ക്ക് ഇപ്പോള്‍ അധിക ദൂരം സഞ്ചരിക്കണ്ട. ദിവസങ്ങളായി അടിമാലിയുടെ പരിസരപ്രദേശങ്ങളായ മന്നാംകാലയിലും മുക്കാല്‍ ഏക്കറിലുമെല്ലാം കൂട്ടത്തോടെയാണ് ഇവയെത്തുന്നത്. മഴക്ക് മുമ്പ് പീലി വിടര്‍ത്തിയാടുന്ന മയിലുകള്‍ നയന മനോഹര കാഴ്ച്ചയാണ് ഒരുക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ കാടിറങ്ങിയെത്തുന്ന മയിലുകള്‍ പാടത്തും പറമ്പിലും എന്നു വേണ്ട കോണ്‍ക്രീറ്റ് വീടുകളുടെ ടെറസുകളില്‍ വരെ ചിറകു വിരിച്ച് നൃത്തം വയ്ക്കുന്ന കാഴ്ച സാധാരണയായി കഴിഞ്ഞു. ഇതോടെ മയിലുകള്‍ ഗ്രാമങ്ങള്‍ക്ക് അപരിചിതമല്ലാതായി മാറി.
മൃഗശാലകളിലും ചിത്രങ്ങളിലും മാത്രം കണ്ടു പരിചയം ഉള്ള മയിലുകളെ വീട്ടുമുറ്റത്ത് കാണുന്നത് അത്ഭുതവും കൗതുകവും സന്തോഷവും നല്‍കുന്നതാണ്. ദേശീയ പക്ഷിയുടെ വിരുന്ന് കൗതുകമെങ്കിലും മയിലുകളുടെ കാടിറക്കം ആശങ്ക നല്‍കുന്നുവെന്ന് പറയുന്നവരുമുണ്ട്. മയിലുകളുടെ വരവ് കടുത്ത വരള്‍ച്ച സൂചിപ്പിക്കുന്നതെന്നാണ് പഴമക്കാര്‍ പറയുന്നത്. മയിലിന്റെ കാടിറക്കവും അപൂര്‍വങ്ങളായ ദേശാടനക്കിളികളുടെ കാലം തെറ്റിയുള്ള വരവുമെല്ലാം വരള്‍ച്ചയുടെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും സൂചനയാണെന്ന് പക്ഷി നിരീക്ഷകരും പറയുന്നു.