
മൂന്നാര്‍: കാട് കയറാന്‍ കൂട്ടാക്കാതെ കാട്ടുകൊമ്പന്‍ പടയപ്പ. ദേവികുളം എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിലാണ് കഴിഞ്ഞ രാത്രിയില്‍ പടയപ്പയുടെ സാന്നിധ്യമുണ്ടായത്. ജനവാസ മേഖലയില്‍ എത്തിയ കാട്ടാന കൃഷിനാശം വരുത്തി.കാട്ടുകൊമ്പന്‍ കാട് കയറാന്‍ തയ്യാറാകാത്തത് വലിയ പ്രതിസന്ധി തീര്‍ക്കുകയാണ്. ദേവികുളം മിഡില്‍ ഡിവിഷനിലായിരുന്നു കഴിഞ്ഞ ദിവസം പടയപ്പയുടെ സാന്നിധ്യമുണ്ടായിരുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ പടയപ്പ ജനവാസ മേഖലയില്‍ എത്തി നാശം വരുത്തുന്ന സ്ഥിതിയുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പ് കുമളി മൂന്നാര്‍ സംസ്ഥാന പാതയില്‍ ഇറങ്ങിയ പടയപ്പ ഗതാഗത തടസ്സം തീര്‍ത്തിരുന്നു. പടയപ്പയെ നിരീക്ഷിക്കുവാന്‍ പ്രത്യേക സംഘത്തിന്റെ ദൗത്യം തുടരുകയാണ്. ഡ്രോണ്‍ അടക്കം ഉപയോഗപ്പെടുത്തിയാണ് വനംവകുപ്പ് ആനയെ നിരീക്ഷിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ജനവാസ മേഖലയില്‍ തുടരുന്ന പടയപ്പ വ്യാപക നാശം വിതച്ചതോടെയാണ് കാട്ടാനയെ നിരീക്ഷിക്കുവാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ പടയപ്പയുടെ സാന്നിധ്യം മൂലം മൂന്നാറിലെ ജനവാസ മേഖലകളില്‍ ആളുകളുടെ ജീവിതം ദുസഹമായി കഴിഞ്ഞു. പടയപ്പയെ വനത്തിലേക്ക് തുരത്താത്തതില്‍ പ്രതിഷേധവും ഉയരുന്നുണ്ട്.