
മാങ്കുളം: ഹൈറേഞ്ചില്‍ കോഴിയിറച്ചി വില കുതിക്കുന്നു. 169 രൂപ മുതല്‍ 175 രൂപ വരെ കോഴിയിറച്ചിക്ക് വില ഉയര്‍ന്നിട്ടുണ്ട്. പെരുന്നാളും വിഷുവും അടുത്തതോടെ പിടിക്കൊടുക്കാതെ ഇറച്ചിക്കോഴി വില കുതിക്കുന്നത് സാധാരണക്കാരെയും ഹോട്ടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരേയും വലക്കുന്നു. ദിവസവും കോഴിയിറച്ചിക്ക് വില വര്‍ധിക്കുന്ന സാഹചര്യമുണ്ട്. റമസാന്‍ വ്രതം തുടങ്ങുമ്പോള്‍ 120 രൂപക്കടുത്തായിരുന്ന ഇറച്ചിക്കോഴിയുടെ വിലയാണ് കുത്തനെ ഉയര്‍ന്നിപ്പോള്‍ 175ലേക്ക് വരെ എത്തിയിട്ടുള്ളത്.
പ്രധാനമായും തമിഴ്നാട്ടില്‍ നിന്നുമാണ് വില്‍പ്പനക്കായി ഹൈറേഞ്ചിലേക്ക് ഇറച്ചിക്കോഴി എത്തുന്നത്. കൊടും ചൂടില്‍ കോഴികള്‍ ചാകുന്നത് ഫാമുകളെ ബാധിച്ചിട്ടുണ്ടെന്നും ഇതാണ് വില ഉയരാന്‍ കാരണമെന്നും ഫാം ഉടമകളും വ്യാപാരികളും പറയുന്നു. ആവശ്യം കൂടുതലുള്ള സമയമായതിനാല്‍ മൊത്തവിതരണക്കാര്‍ വില കുത്തനെ കൂട്ടുകയാണ് ചെയ്യുന്നതെന്ന ആക്ഷേപമുണ്ട്. കേരളത്തിലെ ചില ഫാമുകളില്‍ നിന്നും വില്‍പ്പനക്കായി വ്യാപാരികള്‍ കോഴി വാങ്ങുന്നുണ്ട്.
വില കുത്തനെ ഉയര്‍ന്നതോടെ വരുന്ന ആഘോഷ ദിവസങ്ങളില്‍ തീന്‍ മേശകളില്‍ കോഴി വിഭവങ്ങള്‍ നിരക്കണമെങ്കില്‍ ആളുകള്‍ അധിക തുക മുടക്കേണ്ടി വരും. അതേ സമയം വില വര്‍ധനവ് നിയന്ത്രിക്കേണ്ടുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇടപെടല്‍ നടത്തുന്നില്ലെന്ന പരാതി ആളുകള്‍ പങ്ക് വയ്ക്കുന്നു.