വൈദ്യുതി മുടങ്ങിയാലും ഇനി കുരിശുപാറ പരിധിക്ക് പുറത്താകില്ല; ബി എസ് എന്‍ എല്‍ ടവറിന്റെ ഭാഗമായി സൗരോര്‍ജ്ജ സംവിധാനം ഒരുങ്ങുന്നു

മാങ്കുളം: പള്ളിവാസല്‍ പഞ്ചായത്തിലെ കുരിശുപാറ മേഖലയില്‍ വൈദ്യുതി മുടങ്ങിയാല്‍ മൊബൈല്‍ നെറ്റ് വര്‍ക്കും മുടങ്ങുന്നുവെന്ന പരാതിക്ക് പരിഹാരമാകുന്നു. കഴിഞ്ഞ കുറെ കാലങ്ങളായി ഈ പരാതി പ്രദേശത്ത് നിലനിന്നിരുന്നു. കുരിശുപാറയില്‍ സ്ഥാപിച്ചിട്ടുള്ള ബി എസ് എന്‍ എല്‍ ടവറിന്റെ ഭാഗമായി സൗരോര്‍ജ്ജ സംവിധാനം ഒരുക്കുകയാണ്. വൈദ്യുതി മുടങ്ങുന്ന സാഹചര്യത്തില്‍ സൗരോര്‍ജ്ജ സംവിധാനമുപയോഗിച്ച് ടവറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട ജോലികള്‍ പുരോഗമിക്കുകയാണ്.

സോളാര്‍ പാനലുകളും മറ്റും സ്ഥാപിച്ച് കഴിഞ്ഞു. കുരിശുപാറ മേഖലയില്‍ മൊബൈല്‍നെറ്റ് വര്‍ക്ക് സംവിധാനത്തിനായി ആളുകള്‍ പൂര്‍ണ്ണമായി ആശ്രയിക്കുന്നത് ബി എസ് എന്‍ എല്‍ ടവറിനെയാണ്. എന്നാല്‍ വൈദ്യുതി മുടങ്ങുന്നതോടെ ടവര്‍ നിശ്ചലമാകുന്നത് ആളുകളെ വലച്ചിരുന്നു. വൈദ്യുതി മുടങ്ങുന്ന ഘട്ടത്തില്‍ ടവര്‍ പ്രവര്‍ത്തിപ്പിക്കാനായി ജനറേറ്ററും മറ്റും സ്ഥാപിച്ചിരുന്നെങ്കിലും ജനറേറ്റര്‍ പ്രവര്‍ത്തന രഹിതമായി കിടക്കുകയായിരുന്നു.
ടവറിന്റെ പ്രവര്‍ത്തനം നിലക്കുന്നത് ആളുകള്‍ക്ക് വലിയ ബുദ്ധിമുട്ട് സമ്മാനിച്ചിരുന്നു. മഴക്കാലങ്ങളില്‍ തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്ന പ്രദേശമാണ് കുരിശുപാറ. സോളാര്‍ സംവിധാനം സജ്ജമായാല്‍ വൈദ്യുതി മുടക്കം ഇനി മുതല്‍ ബി എസ് എന്‍ എല്‍ ടവറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല.