KeralaLatest NewsLocal news

വേനല്‍ വറുതി; കാര്‍ഷിക മേഖലക്ക് പ്രത്യേക പാക്കേജനുവദിക്കണം

ബൈസൺവാലി: കനത്ത വേനലും ഉയര്‍ന്ന ചൂടും ഇത്തവണ കാര്‍ഷിക മേഖലക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിട്ടുള്ളത്. ഇത്തവണ കാലവര്‍ഷത്തില്‍ കുറവ് വന്നിരുന്നു. പ്രതീക്ഷിച്ച രീതിയിലുള്ള തുലാമഴയും വേനല്‍ മഴയും ലഭ്യമായില്ല. ഇത് കര്‍ഷകര്‍ക്ക് കൂടുതല്‍ തിരിച്ചടിയായി. ജലശ്രോതസുകള്‍ വരളുകയും ജല ലഭ്യത കുറയുകയും കൂടി ചെയ്തതോടെ കൃഷിക്കായുള്ള പല കര്‍ഷകരുടെയും ജലസേചന മാര്‍ഗ്ഗം പൂര്‍ണ്ണമായി അടഞ്ഞു. കൊടും ചൂടും പകല്‍ സമയത്തെ ഉയര്‍ന്ന അന്തരീക്ഷ താപനിലയും കാര്‍ഷിക വിളകള്‍ ഉണങ്ങി നശിക്കാന്‍ ഇടയാക്കി.

ഹൈറേഞ്ചിന്റെ വിവിധ മേഖലകളില്‍ ഇതിനോടകം വലിയ തോതില്‍ കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങി നശിച്ച് കഴിഞ്ഞു. ഏലം കൃഷിക്കാണ് ഏറ്റവും അധികം നാശം സംഭവിച്ചിട്ടുള്ളത്. ഏലച്ചെടികള്‍ ഉണങ്ങി നിലംപൊത്തി. ചെടി ഒന്നുപോലുമില്ലാതെ ഉണങ്ങി നശിച്ച കൃഷിയിടങ്ങളുണ്ട്. ചെടികളിലുള്ള ശരവും ഉണങ്ങിനശിച്ചു. ഇത് കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് വരുത്തിയിട്ടുള്ളത്. കുരുമുളക് ചെടികളും വലിയ തോതില്‍ ഉണങ്ങി നശിച്ച തോട്ടങ്ങള്‍ ഹൈറേഞ്ചിലുണ്ട്.

വേനല്‍ വറുതി ഇത്രത്തോളം കാര്‍ഷിക മേഖലക്ക് തിരിച്ചടി നല്‍കിയ സാഹചര്യത്തിലാണ് കര്‍ഷകര്‍ക്ക് കൈതാങ്ങായി കാര്‍ഷിക മേഖലയുടെ പിടിച്ച് നില്‍പ്പിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നഷ്ട പരിഹാരവും പ്രത്യേക സാമ്പത്തിക പാക്കേജും അനുവദിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുള്ളത്. ഏലച്ചെടികള്‍ ഉണങ്ങി നിലം പതിച്ചതോടെ കര്‍ഷകര്‍ വലിയ ആശങ്കയിലാണ്. പലരും വായ്പ്പയും മറ്റുമെടുത്താണ് പരിപാലനച്ചിലവ് വഹിച്ചത്. അടുത്ത വര്‍ഷത്തെ വിളവെടുപ്പിലായിരുന്നു പ്രതീക്ഷ.

ചെടികള്‍ ഇല്ലാതായതോടെ വലിയ കടക്കെണിയിലേക്ക് കൂപ്പുകുത്തുമോയെന്ന ആശങ്ക കര്‍ഷകര്‍ പങ്ക് വയ്ക്കുന്നു. ജാതി കൃഷിക്കും വേനല്‍ തിരിച്ചടി സമ്മാനിച്ചിട്ടുണ്ട്. ഇനിയും വേണ്ട രീതിയില്‍ വേനല്‍മഴ പെയ്തില്ലെങ്കില്‍ കൂടുതല്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാകും. നിലവിലെ സ്ഥിതി വലിയ തോതിലുള്ള ഉത്പാദനക്കുറവിന് ഇടവരുമെന്നും കര്‍ഷകര്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!