
അടിമാലി: കൊക്കോയ്ക്ക് പിന്നാലെ കാപ്പിക്കുരുവിനും കുരുമുളകിനും വില ഉയരുന്നു. കാപ്പിക്കുരു തൊണ്ടോടു കൂടിയതിന് 200ന് മുകളില്‍ വില ലഭിക്കുമ്പോള്‍ കുരുമുളകിന് വീണ്ടും 500ന് മുകളില്‍ വിലയെത്തി. കൊക്കോയുടെ വിലയിപ്പോള്‍ സര്‍വ്വകാല റെക്കോഡിലാണ്. 900ത്തിന് മുകളില്‍ കൊക്കോയ്ക്ക് വില ലഭിക്കുന്നു. വിളവെടുപ്പിന്റെ ആരംഭഘട്ടത്തില്‍ കുരുമുളകിന് 500ന് മുകളില്‍ വില ലഭിച്ചിരുന്നു. എന്നാല്‍ വിപണിയിലേക്ക് ഉത്പന്നമെത്തിയതോടെ വില താഴേക്ക് പോയി. ഇതിന് ശേഷമാണിപ്പോള്‍ വീണ്ടും കുരുമുളകിന് വില 530ന് അടുത്ത് വരെ എത്തിയിട്ടുള്ളത്.
കാപ്പിക്കുരു തൊണ്ടോടു കൂടിയതിന് 220ന് അടുത്ത് വരെ വില ലഭിക്കുന്നു. കാപ്പി പരിപ്പിനും ഉയര്‍ന്ന വില കര്ഷകന് ലഭിക്കുന്നു. ഉത്പന്നത്തിന്റെ ലഭ്യതയുടെ കാര്യത്തില്‍ വന്നിട്ടുള്ള കുറവാണ് ഇപ്പോഴത്തെ വില വര്‍ധനവിന് കാരണമെന്നാണ് വിവരം. വിപണിയിലേക്കെത്തുന്ന ഉത്പന്നത്തിന്റെ അളവ് കുറഞ്ഞിട്ടുള്ളതായി വ്യാപാരികളും പറയുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന വിലകൊണ്ട് കാര്യമായ പ്രയോജനമില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

ഒട്ടുമിക്ക കര്‍ഷകരും വിളവെടുത്ത് കുരുമുളകും കാപ്പിക്കുരുവുമൊക്കെ വിറ്റഴിച്ച് കഴിഞ്ഞു. കാപ്പിക്കുരുവിന് വിപണിയില്‍ ഇത്രത്തോളം വില വര്‍ധിക്കുമെന്ന പ്രതീക്ഷ കര്‍ഷകര്‍ക്ക് തീരെയില്ലായിരുന്നു. കൊക്കോയ്ക്ക് റെക്കോര്‍ഡ് വില ലഭിക്കുമ്പോഴും ഉത്പാദനം കുറവാണ്. വിലയിടിവിന്റെ കാലത്ത് കര്‍ഷകര്‍ കാപ്പിയും കൊക്കോയുമെല്ലാം വെട്ടിക്കളഞ്ഞതും തിരിച്ചടിയായി.