
അടിമാലി: വേനല്‍ കനത്ത് ഒഴുക്ക് കുറഞ്ഞതോടെ അടിമാലി ടൗണിന്റെ പരിസര പ്രദേശങ്ങളിലെ കൈത്തോടുകളില്‍ മലിന ജലം നിറഞ്ഞു.ടൗണ്‍ പരിസരത്ത് കൂടി ഒഴുകുന്ന കൈത്തോടുകളത്രയും ചെന്ന് ചേരുന്നത് ദേവിയാര്‍ പുഴയിലാണ്.ഈ കൈത്തോടുകളാണ് വേനല്‍ കനത്ത് ഒഴുക്ക് കുറഞ്ഞതോടെ മലിന ജലം കെട്ടികിടന്ന് ദുര്‍ഗന്ധം വമിക്കുന്ന ചാലുകളായി മാറിയിട്ടുള്ളത്. കെട്ടി കിടക്കുന്ന മലിന ജലത്തില്‍ കൊതുകുകള്‍ വലിയ തോതില്‍ വളരുന്ന സ്ഥിതിയുണ്ട്. കൈത്തോടുകളുടെ സമീപ പരിസരങ്ങളിലെ ആളുകള്‍ ദുര്‍ഗന്ധം സഹിക്കേണ്ടുന്ന സ്ഥിതിയുമുണ്ട്. ഇത് പകര്‍ച്ച വ്യാധികള്‍ക്ക് ഇടവരുത്തുമോയെന്ന ആശങ്ക ഉയര്‍ത്തുന്നു.

വേനല്‍മഴ പെയ്യുന്ന സാഹചര്യത്തില്‍ മാലിന്യവും മലിനജലവും ഒഴുകി ദേവിയാര്‍ പുഴയിലേക്കാണ് എത്തുന്നത്. വേനല്‍ വറുതിയില്‍ കുളിക്കുന്നതും തുണിയലക്കുന്നതിനുമൊക്കെയായി ആളുകള്‍ ദേവിയാര്‍ പുഴയിലെ വെള്ളമുപയോഗിക്കുന്ന സാഹചര്യവുമുണ്ട്. മുന്‍കാലങ്ങളില്‍ ദേവിയാര്‍ പുഴയും കൈത്തോടുകളും ഓടകളുമെല്ലാം ശുചീകരിക്കുന്നതിനുള്ള ഇടപെടല്‍ നടന്നിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേകാലങ്ങളായി അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല. കൈത്തോടുകളും ഓടകളുമൊക്കെ ശുചീകരിച്ചാല്‍ മലിനജലം കെട്ടികിടക്കുന്ന സ്ഥിതിയൊഴിവാക്കാം. ഇതുവഴി ദേവിയാര്‍ പുഴയും ഒരു പരിധിവരെ മാലിന്യമുക്തമാക്കാം.ഇതിനായുള്ള ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം.