
മാങ്കുളം: മാങ്കുളം സുകുമാരന്‍കടക്ക് സമീപം പ്രവര്‍ത്തിക്കുന്ന ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ എന്‍ എച്ച് എം ഹോമിയോ ആശുപത്രിയില്‍ ഇനിയും വൈദ്യുതി കണക്ഷന്‍ എത്തിയിട്ടില്ല. കല്ലാര്‍ മാങ്കുളം റോഡിനോരത്താണ് ഹോമിയോ ആശുപത്രി കെട്ടിടമുള്ളത്. ഒരു ഡോക്ടര്‍ ഉള്‍പ്പെടെ രണ്ട് ജീവനക്കാര്‍ ആശുപത്രിയില്‍ ഉണ്ട്.
പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് രോഗികള്‍ ചികിത്സ തേടിയും ഇവിടെയെത്തുന്നു. എന്നാല്‍ ആശുപത്രിയില്‍ ഇനിയും വൈദ്യുതി കണക്ഷന്‍ ലഭ്യമായിട്ടില്ല. ആശുപത്രി ഈ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് വര്‍ഷങ്ങളായി. വൈദ്യുതി കണക്ഷന്‍ ഇല്ലായെന്ന് മാത്രമല്ല വയറിംഗ് ജോലികള്‍ പോലും നടത്തിയിട്ടില്ല. രണ്ട് നിലകളിലായാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ആദ്യം ഒരു നിലയായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് രണ്ടാമതൊരു നിലകൂടി ആശുപത്രിയുടെ ഭാഗമായി നിര്‍മ്മിച്ചു.
രണ്ട് നിലകളുടെയും വയറിംഗ് ജോലികള്‍ നടത്തേണ്ടതായുണ്ട്. ആവശ്യഘട്ടത്തില്‍ എമര്‍ജന്‍സി ലാമ്പിന്റെ വെളിച്ചമാണ് ജീവനക്കാര്‍ക്കും രോഗികള്‍ക്കുമൊക്കെ ആശ്രയം. പകല്‍ സമയത്തെ ചൂടില്‍ നിന്ന് രക്ഷനേടാന്‍ ജീവനകാര്‍ക്കും രോഗികള്‍ക്കുമൊന്നും യാതൊരു രക്ഷയുമില്ല. മഴക്കാലമാകുന്നതോടെ പകല്‍സമയത്തും കെട്ടിടത്തിനുള്ളില്‍ ഇരുട്ട് പരക്കും. വൈദ്യുതിയില്ലാത്തതിനാല്‍ കംപ്യൂട്ടറോ അനുബന്ധ ഉപകരണങ്ങളോ ഒന്നും ആശുപത്രിയില്‍ ഇല്ല. പ്രവര്‍ത്തനമാരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ട ആശുപത്രിയില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കണമെന്നാണ് ആവശ്യം.