വേനല്‍ വറുതി; കാര്‍ഷിക വായ്പ്പകള്ക്കടകം പലിശ രഹിത മൊററ്റോറിയം പ്രഖ്യാപിക്കണമെന്ന് കര്‍ഷകര്‍

അടിമാലി: വേനല്‍ വറുതി കാര്‍ഷിക മേഖലക്ക് പ്രതിസന്ധിയായ പശ്ചാത്തലത്തില്‍ കാര്‍ഷിക വായ്പകള്‍ ഉള്‍പ്പെടെയുള്ള ലോണുകള്‍ക്ക് പലിശ രഹിത മൊററ്റോറിയം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കര്‍ഷകര്‍ രംഗത്ത്. കടുത്ത ചൂടില്‍ കാര്‍ഷിക വിളകള്‍ക്ക് നഷ്ടം സംഭവിച്ച സാഹചര്യത്തില്‍ മുമ്പോട്ട് പോകാന്‍ പ്രയാസമനുഭവിക്കുകയാണ്. വായ്പകളുടെ തിരിച്ചടവ് കാര്യത്തില്‍ സാവകാശം അനുവദിച്ചില്ലെങ്കില്‍ തങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും കര്‍ഷകര്‍ പറയുന്നു.
ഇതിനോടകം പല കര്‍ഷകരും കടക്കെണിയിലായി കഴിഞ്ഞു. കടുത്ത വേനലില്‍ ഏലം കൃഷിക്കാണ് ഏറ്റവും അധികം നാശം സംഭവിച്ചിട്ടുള്ളത്. ഏക്കറുകണക്കിന് ഏലച്ചെടികള്‍ ഉണങ്ങി നിലംപൊത്തി കഴിഞ്ഞു. 8 മാസങ്ങള്‍ക്ക് ശേഷം ഏലക്കായുടെ വില 2000 കടന്നെങ്കിലും ചുരുക്കം കര്‍ഷകരുടെ കൈവശം മാത്രമെ വിറ്റഴിക്കാന്‍ ഉത്പന്നമൊള്ളു. പലരും വായ്പ്പയും മറ്റുമെടുത്താണ് ഇതുവരെ പരിപാലനച്ചിലവ് വഹിച്ചത്. വരുന്ന വിളവെടുപ്പിലായിരുന്നു കര്‍ഷകരുടെ പ്രതീക്ഷ. ഏലച്ചെടികള്‍ ഇല്ലാതായതോടെ വരുമാന മാര്ഗ്ഗമടഞ്ഞതിന്റെ ആവലാതിയിലാണ് കര്‍ഷകര്‍.
കുരുമുളക് ചെടികളും വലിയ തോതില്‍ ഉണങ്ങി നശിച്ചിട്ടുണ്ട്. ജാതി കൃഷിക്കും വേനല്‍ തിരിച്ചടി സമ്മാനിച്ചു. വലിയ കായ്ഫലം നല്‍കിയിരുന്ന ഏറെ വര്‍ഷം പഴക്കമുള്ള ജാതി മരങ്ങള്‍ പോലും ഉണങ്ങി നശിച്ചു. കാലാവസ്ഥ വ്യതിയാനം ഹൈറേഞ്ചിലെ കാര്‍ഷിക മേഖലക്കാണ് ഏറ്റവും അധികം തിരിച്ചടി സമ്മാനിച്ചിട്ടുള്ളത്. കാലം തെറ്റിയ മഴയും വെയിലും കര്‍ഷകരെ വലക്കുന്നു. വേനല്‍ വറുതിയില്‍ സംഭവിച്ച നാശം കണക്കാക്കി നഷ്ട പരിഹാരം നല്‍കണമെന്നും ഒപ്പം കാര്‍ഷിക വായ്പകളുടെ തിരിച്ചടവിന്റെ കാര്യത്തിലടക്കം ഇളവനുവധിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.