
മാങ്കുളം: ദേവികുളം സബ് ആര് ടി ഓഫിസ് വാഹനത്തിന്റെ കാലാവധി അവസാനിച്ചു. ഇതോടെ ജില്ലയില്‍ ഔദ്യോഗിക വാഹനമില്ലാത്ത സബ് ആര്‍ടി ഓഫിസുകളുടെ എണ്ണം നാലായി. തൊടുപുഴ, പീരുമേട്, ഉടുമ്പന്‍ചോല എന്നിവിടങ്ങളിലെ വാഹനങ്ങള്‍ കാലാവധി അവസാനിച്ചതോടെ കട്ടപ്പുറത്തായിരുന്നു. ഇതിന് പുറമെയാണ് ദേവികുളം സബ് ആര് ടി ഓഫിസ് വാഹനത്തിന്റെ കാലാവധി തിങ്കളാഴ്ച്ച അവസാനിച്ചത്. 15 വര്‍ഷം പഴക്കം ഉള്ളതിനാലാണ് തിങ്കളാഴ്ച്ച മുതല്‍ അടിമാലിയിലെ വാഹനം കട്ടപ്പുറത്തായത്.
ഇതോടെ ഫീല്‍ഡില്‍ പോയുള്ള ഓഫീസുമായി ബന്ധപ്പെട്ട ദൈന്യംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റും. ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ എത്താനും അപകടങ്ങള്‍ ഉണ്ടാകുന്നിടത്തെത്താനുമൊന്നും വാഹനമില്ലാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍. ജില്ലാ ആര്‍ടി ഓഫീസിന് കീഴില്‍ തൊടുപുഴ, പീരുമേട്, ഉടുമ്പന്‍ചോല, അടിമാലി എന്നിവിടങ്ങളിലായി 4 സബ് ആര്‍ടി ഓഫിസുകളാണുള്ളത്.
ഇതില്‍ തൊടുപുഴ ഓഫിസിലെ വാഹനം കഴിഞ്ഞ ഒക്ടോബറില്‍ രജിസ്ട്രേഷന് കാലാവധി കഴിഞ്ഞിരുന്നു. ഉടുമ്പന്‍ചോല, പീരുമേട് ഓഫിസുകളിലെ വാഹനം 2 ആഴ്ച്ച മുന്‍മ്പ് സര്‍വ്വീസ് അവസാനിപ്പിച്ച് കണ്ടം ചെയ്തു. പകരം വാഹനം അനുവദിക്കാതെ വന്നതോടെ ഈ ഓഫിസുകളുടെ പ്രവര്‍ത്തനം അവതാളത്തിലാണ്. ഇതിനു പിന്നാലെയാണു ഹൈറേഞ്ചിലെ ദേവികുളം സബ് ആര്‍ടി ഓഫിസിലെ വാഹനത്തിന്റെയും രജിസ്ട്രേഷന് കാലാവധി തിങ്കളാഴ്ച്ച അവസാനിച്ചത്.

പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റില്‍ നിന്നും നടപടി ഉണ്ടാകാത്ത സാഹചര്യമാണ് പ്രതിസന്ധിക്കു കാരണമായിരിക്കുന്നത്. നിലവില്‍ മോട്ടര്‍ വാഹന വകുപ്പ് സ്ക്വാഡിനു മാത്രമാണ് ഇലക്ട്രിക് കാര്‍ ഉള്ളത്. ഓഫിസ് ആവശ്യത്തിന് ഈ വാഹനം ഉപയോഗിക്കാനാവില്ല.