
അടിമാലി: പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയുമായി മോട്ടോര്‍വാഹന വകുപ്പ്. സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസും കുട്ടികളുടെ സുരക്ഷയും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് മോട്ടര്‍ വാഹനവകുപ്പ് സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന നടത്തുന്നത്.
ദേവികുളം താലൂക്കിലെ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ഈ മാസം 22, 29 തിയതികളില്‍ നടക്കുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു. അടിമാലി മേഖലയിലെ വാഹനങ്ങളുടെ പരിശോധന അടിമാലി മാര്‍ബസേലിയോസ് കോളേജ് ഗ്രൗണ്ടില്‍ വച്ചും മറയൂര്‍, മൂന്നാര്‍ മേഖലകളിലെ വാഹനങ്ങളുടെ പരിശോധന മൂന്നാറില്‍ വച്ചും നടത്തും. ഫിറ്റ്‌നസ് പരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ കുട്ടികളുമായി സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ലെന്ന് ജോയിന്റ് ആര്‍ ടി ഒ അറിയിച്ചു.
22ന് രാവിലെ 9ന് അടിമാലി മേഖലയിലെ വാഹനങ്ങളുടെ പരിശോധനയും 29ന് രാവിലെ 9ന് മൂന്നാര്‍, മറയൂര്‍ മേഖലകളിലെ വാഹനങ്ങളുടെ പരിശോധനയുമാണ് നടത്തുന്നത്. വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് യഥാസമയം പരിശോധനക്ക് ഹാജരാക്കേണ്ടതാണെന്ന് മോട്ടര്‍വാഹന വകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ലയിലെ മറ്റ് മേഖലകളിലും സമാന രീതിയില്‍ മോട്ടോര്‍ വാഹനവകുപ്പ് സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന നടത്തും.