
മാങ്കുളം: ഹൈറേഞ്ചിന്റെ വഴിയോരങ്ങളില്‍ അഴക് വിരിയിച്ച് നില്ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ജക്രാന്ത പൂക്കള്‍ തീര്‍ത്ത വൈലറ്റ് വസന്തം പടിയിറങ്ങിയതിന് പിന്നാലെയാണ് ചുമപ്പ് വസന്തം തീര്‍ത്ത് ഗുല്‍മോഹര്‍ മരങ്ങള്‍ പൂവിട്ടിരിക്കുന്നത്. പാതയോരങ്ങളിലാകെ ഗുല്‍മോഹര്‍ മരങ്ങള്‍ പൂത്തുലുഞ്ഞ് നില്ക്കുന്നു. പച്ചപ്പിന് നടുവിലെ ചുമപ്പ് വസന്തം കാഴ്ച്ചക്കേറെ ഭംഗി നല്‍കുന്നതാണ്. ഇലകള്‍ പൊഴിച്ച് നിറയെ പൂക്കളുമായി നില്ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ മധ്യവേനലവധിക്കാലത്ത് ജില്ലയിലേക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്ട കാഴ്ച്ചകളില്‍ ഒന്നാണ്.
വാക എന്ന പേരില്‍ അറിയപ്പെടുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും വിദ്യാലയത്തിന്റെ മുറ്റങ്ങളിലുമെല്ലാം കാഴ്ചയുടെ പുതുവസന്തം സമ്മാനിക്കുന്നുണ്ട്. മഡഗാസ്കറാണ് ഗുല്‍മോഹറിന്റെ ജന്മദേശം. തണല്‍ വൃക്ഷമെന്ന നിലയില്‍ ഗുല്‍മോഹര്‍ കടല്‍ കടന്നെത്തിയിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടു. ചുമപ്പിന് പുറമെ മഞ്ഞ, വയലറ്റ് നിറങ്ങളിലുള്ള പൂക്കള്‍ വിരിയുന്ന ഗുല്‍മോഹര്‍ മരങ്ങളുമുണ്ട്. പരമാവധി പത്തു മീറ്ററോളമാണ് ഗുല്‍മോഹര്‍ മരങ്ങളുടെ ഉയരം.

അത്രയുമെത്തിക്കഴിഞ്ഞാല്‍ പരന്നു പന്തലിക്കും.വഴിയോരത്തു തണലേകി നില്ക്കുന്ന ഗുല്‍മോഹറിന്റെ ചാരുതക്കു കടുത്ത വേനലിലും തെല്ലും കുറവുണ്ടായിട്ടില്ല. ഡെലോനിക്സ് റീജിയറാഫ് എന്നാണ് സിസാന്‍ പിനിയേസി സസ്യകുടുംബത്തില്‍പ്പെട്ട ഗുല്‍മോഹറിന്റെ ശാസ്ത്രീയനാമം. കാലവര്‍ഷം എത്തുന്നതു വരെയാണ് പൂക്കളുടെ കാലം. മഴ പെയ്തു തുടങ്ങുന്നതോടെ പൂക്കള്‍ കൊഴിച്ചു വീണ്ടും പച്ചപ്പിലേക്ക് മടങ്ങും. എന്തായാലും പാതയോരത്തെ ഗുല്‍മോഹര്‍ മരങ്ങളുടെ തണലില്‍ വിശ്രമിച്ച് ചിത്രങ്ങള്‍ പകര്‍ത്തി മനം നിറഞ്ഞാണ് ഹൈറേഞ്ചിലേക്കെത്തുന്ന സഞ്ചാരികള്‍ മടങ്ങുന്നത്.