
അടിമാലി: കനത്ത ചൂടിന് ആശ്വാസം പകര്‍ന്ന് ജില്ലയില്‍ ഒട്ടുമിക്ക മേഖലകളിലും പരക്കെ മഴ പെയ്തു. ഇതോടെ ഉയര്‍ന്ന് നിന്നിരുന്ന അന്തരീക്ഷ താപനിലയില്‍ കുറവ് വന്നു. വ്യാഴാഴിച്ച മുതല്‍ പലയിടത്തും ഇടിയോടു കൂടിയ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. ഏറെ ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ പെയ്തിറങ്ങിയ വേനല്‍മഴ കാര്‍ഷിക മേഖലക്കാണ് ഏറ്റവും ആശ്വാസമായിട്ടുള്ളത്. സമാനതകളില്ലാത്ത ചൂടും വരള്‍ച്ചയുമാണ് ഇത്തവണ ജില്ല അഭിമുഖീകരിച്ചത്. ജല ലഭ്യത ഇല്ലാതായതോടെ കാര്‍ഷികമേഖല കരിഞ്ഞുണങ്ങുന്ന സ്ഥിതിയുണ്ടായി.
ഏലം കൃഷിക്കാണ് ഏറ്റവും അധികം നഷ്ടം സംഭവിച്ചത്. ഏലത്തട്ടകള്‍ വലിയ തോതില്‍ നിലംപതിച്ചു. മറ്റ് കൃഷികള്‍ക്കും നാശമുണ്ടായി. ഇനിയും മഴ വൈകിയാല്‍ കാര്‍ഷിക മേഖല അപ്പാടെ തകരുമെന്ന സ്ഥിതിയിലാണ് ഇപ്പോള്‍ വേനല്‍മഴ ലഭിച്ചിട്ടുള്ളത്. ഇത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയിട്ടുള്ളത്. മഴയെ വൈദ്യുതി വകുപ്പും പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. ഇടുക്കി അടക്കമുള്ള അണക്കെട്ടുകളിലെ ജലനിരപ്പില്‍ വലിയ കുറവ് വന്നിട്ടുണ്ട്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും.

തുടര്‍ച്ചയായി മഴ ലഭിച്ചാല്‍ നേരിയ തോതിലെങ്കിലും ജലശ്രോതസുകളില്‍ ഒഴുക്ക് വര്‍ധിച്ചാല്‍ കെ എസ് ഇ ബിക്കത് ഗുണം ചെയ്യും. മഴ പെയ്ത് അന്തരീക്ഷ താപനില കുറയുന്നതും വൈദ്യുതിവകുപ്പിന് സഹായകരമാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായ വിവിധ പ്രദേശങ്ങള്‍ ജില്ലയില്‍ ഉണ്ട്. ദൂരെനിന്ന് വെള്ളമെത്തിക്കുന്നവരും വിലകൊടുത്ത് വെള്ളം വാങ്ങുന്നവരുമൊക്കെയുണ്ട്. ഇപ്പോഴത്തെ മഴ ഇവര്‍ക്കും പ്രതീക്ഷ നല്‍കുന്നു. മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും മഴപെയ്‌തേക്കുമെന്ന പ്രതീക്ഷയാണ് ഹൈറേഞ്ചിനുള്ളത്. തൊട്ടുപിന്നാലെ കാലവര്‍ഷം എത്തുമെന്നും കര്‍ഷകര്‍ പ്രതീക്ഷിക്കുന്നു.