
മാങ്കുളം: മാങ്കുളം ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ചിക്കണംകുടി സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ യു പി സ്‌കൂളായി ഉയര്‍ത്തണമെന്നാവശ്യം.
ഗ്രാമപഞ്ചായത്തിലെ ഏക സര്‍ക്കാര്‍ എല്‍ പി സ്‌കൂളാണിത്. ചിക്കണംകുടി, കള്ളക്കൂട്ടിക്കുടി, സിങ്ക്കുടി, പാറക്കുടി തുടങ്ങി വിവിധ ആദിവാസി ഇടങ്ങളില്‍ നിന്നും അമ്പതാംമൈല്‍, ആറാംമൈല്‍ മേഖലകളില്‍ നിന്നുമൊക്കെയുള്ള കുട്ടികള്‍ ഇവിടെ പഠനത്തിനായി എത്തുന്നുണ്ട്. നിലവില്‍ എല്‍ പി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ തുടര്‍ പഠനത്തിനായി കിലോമീറ്ററുകള്‍ ദൂരെയുള്ള മാങ്കുളത്തോ മറ്റിതര മേഖലകളേയെ ആശ്രയിക്കുകയാണ് ചെയ്യുന്നത്.

ഈ സാഹചര്യത്തിലാണ് ഈ എല്‍ പി സ്‌കൂള്‍ യു പി സ്‌കൂളായി ഉയര്‍ത്താനുള്ള ഇടപെടല്‍ എന്ന ആവശ്യം പ്രദേശവാസികള്‍ മുമ്പോട്ട് വയ്ക്കുന്നത്. ആദിവാസി മേഖലകളില്‍ നിന്നും പുറം ലോകത്തേക്കുള്ള വാഹന സൗകര്യത്തിന്റെ കുറവ് തുടര്‍ പഠനത്തിന് പോകുന്ന കുട്ടികള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വിവിധയിടങ്ങളില്‍ ഹോസ്റ്റലുകളില്‍ നിന്ന് പഠനം നടത്തുന്ന കുട്ടികളുമുണ്ട്. ചെറുപ്രായത്തില്‍ തന്നെ വീടുകളില്‍ നിന്നും കുട്ടികള്‍ മാറി നില്‍ക്കേണ്ടുന്ന സ്ഥിതി ഉണ്ടാകുന്നു.

നിലവില്‍ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചിട്ട് കാല്‍ നൂറ്റാണ്ട് തികയുകയാണ്. യു പി സ്‌കൂളായി ഉയര്‍ത്താന്‍ വേണ്ടുന്ന കെട്ടിട സൗകര്യം ഇപ്പോള്‍ വിദ്യാലയത്തിനുണ്ട്. വിശാലമായ മൈതാനവും സ്‌കൂളിന് സ്വന്തമാണ്. സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ഇതിനോടകം നിവേദനങ്ങള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അഞ്ചോളം ആദിവാസി ഇടങ്ങളിലെ കുട്ടികള്‍ക്ക് സഹായകരമാകുന്ന തുടര്‍ നടപടി ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് ആവശ്യം.