ടോപ്പ് സ്റ്റേഷനില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ അതിക്രമം; സംഭവത്തില്‍ തമിഴ്നാട് പോലീസ് പരാതി സ്വീകരിച്ചു

മൂന്നാര്‍: മൂന്നാര്‍ ടോപ്പ് സ്റ്റേഷനില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ തമിഴ്നാട് പോലീസ് പരാതി സ്വീകരിച്ചു. തേനി കളക്ട്രേറ്റില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചതോടെയാണ് തമിഴ്നാട്ടിലെ കൊരങ്ങണി പോലീസ് സ്റ്റേഷനില്‍ പരാതി സ്വീകരിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസമായിരുന്നു ടോപ്പ് സ്റ്റേഷനില്‍ വച്ച് വിനോദ സഞ്ചാരികള്‍ക്ക് നേരെയും വാഹനത്തിന് നേരെയും പ്രദേശത്തെ ചിലയാളുകളുടെ നേതൃത്വത്തില്‍ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ആക്രമണം നേരിട്ട വര്‍ക്കല സ്വദേശികളാണ് തമിഴ്നാട് പോലീസില്‍ പരാതി നല്‍കിയത്.
ആദ്യം പരാതി സ്വീകരിക്കുവാന്‍ വിസമ്മതിച്ച പോലീസ് പിന്നീട് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം ലഭിച്ചതോടെ പരാതി സ്വീകരിക്കുകയായിരുന്നുവെന്നാണ് വിവരം. തിരുവനന്തപുരം വര്‍ക്കലയില്‍ നിന്നെത്തിയ സംഘമാണ് കഴിഞ്ഞ ദിവസം ടോപ്പ് സ്റ്റേഷനില്‍ വച്ച് ആക്രമണത്തിനിരയായത്. റോഡില്‍ ബസ് നിര്‍ത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം അതിക്രമത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം. സഞ്ചാരികള്‍ക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടതോടെ സംഭവത്തില്‍ വലിയ പ്രതിഷേധമുയര്‍ന്നു.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ മാത്രം മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായത് പത്തോളം അക്രമ സംഭവങ്ങളാണ്. സഞ്ചാരികള്‍ക്ക് നേരെയുള്ള അതിക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും ഇക്കാര്യത്തില്‍ പോലീസ് വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.



