മാങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും ഡോക്ടര്‍മാരുടെ കുറവ് പ്രതിസന്ധിയാകുന്നു

മാങ്കുളം: മാങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും ഡോക്ടര്‍മാരുടെ കുറവ് പ്രതിസന്ധിയാകുന്നു. നിലവില്‍ ഉണ്ടായിരുന്ന ഡോക്ടറുടെ സേവനം ഇല്ലാതായതോടെയാണ് പ്രതിസന്ധി രൂപം കൊണ്ടിട്ടുള്ളത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മറ്റിടങ്ങളില്‍ നിന്നും വന്ന് പോകുന്ന താല്‍ക്കാലിക ഡോക്ടര്‍മാരുടെ സേവനമാണ് കേന്ദ്രത്തില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഇത് വലിയ പ്രതിഷേധത്തിന് ഇടവരുത്തുന്നു.
കുറെ നാളുകള്‍ക്ക് മുമ്പ് വരെ എന്‍ എച്ച് എം ഡോക്ടറുടെ സേവനം കേന്ദ്രത്തില്‍ ലഭിച്ചിരുന്നു. പിന്നീട് അതും ഇല്ലാതായി. പനിയുള്‍പ്പെടെ പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കുന്ന സമയത്താണ് കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ സേവനം വേണ്ട വിധം ലഭ്യമല്ലാത്ത സ്ഥിതിയുള്ളത്. ചികിത്സാ സംവിധാനങ്ങള്‍ കാര്യമായി ഇല്ലാത്ത മാങ്കുളത്ത് ആദിവാസി മേഖലകളില്‍ നിന്നുള്ള നിരവധി കുടുംബങ്ങളടക്കം ആശ്രയിക്കുന്ന ചികിത്സാലയമാണ് മാങ്കുളത്തെ കുടുംബാരോഗ്യ കേന്ദ്രം. വിദൂര ആദിവാസി മേഖലയായ കുറത്തിക്കുടിയില്‍ നിന്നുള്‍പ്പെടെ ആളുകള്‍ ഇവിടെ ചികിത്സ തേടിയെത്താറുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത് ഏതാനും നാളുകള്‍ക്ക് മുമ്പായിരുന്നു.
സാധാരണക്കാരായ ആളുകള്‍ താമസിച്ച് വരുന്ന പ്രദേശമെന്ന നിലയില്‍ ഈ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുന്ന ആളുകളുടെ എണ്ണം വലുതാണ്. മാങ്കുളത്ത് ഡോക്ടറുടെ സേവനം ലഭ്യമായില്ലെങ്കില്‍ പിന്നീടിവര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടണമെങ്കില്‍ ചിത്തിരപുരത്തോ, അടിമാലിയിലോ എത്തണം. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഡോക്ടര്‍മാരുടെ കുറവ് പരിഹരിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ് ആവശ്യം.