
മൂന്നാര്‍: മൂന്നാര്‍ വാഗുവരൈ ലക്കം മേഖലയില്‍ ചുറ്റിത്തിരിഞ്ഞ് കാട്ടുകൊമ്പന് പടയപ്പ. ദിവസങ്ങള്‍ക്ക് മുമ്പ് കല്ലാര്‍ മാലിന്യ സംസ്കരണ കേന്ദ്രത്തിനു സമീപം ഇറങ്ങിയ പടയപ്പ വാഹനങ്ങള്‍ തടഞ്ഞിരുന്നു. കാര്‍ യാത്രികര്‍ ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു.വാഗുവരൈ ലക്കം മേഖലയിലാണിപ്പോള്‍ പടയപ്പ ചുറ്റിത്തിരിയുന്നത്. കല്ലാറിലെ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിന് സമീപത്തു നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ പടയപ്പ പെരിയവാര ഭാഗത്തേക്ക് എത്തിയിരുന്നു. ഇവിടെ നിന്നാണ് കാട്ടുകൊമ്പന് ഇപ്പോള്‍ വാഗുവരൈ ലക്കം മേഖലയിലേക്ക് എത്തിയിട്ടുള്ളത്.

മഴ പെയ്ത് വനത്തില്‍ തീറ്റയുടെ ലഭ്യത വര്‍ധിച്ചിട്ടും കാട്ടുകൊമ്പന് പൂര്‍ണ്ണമായി കാടുകയറാന്‍ തയ്യാറാകാത്തത് ആശങ്കക്ക് ഇടയാക്കുന്നുണ്ട്.മുമ്പ് വനത്തില്‍ തീറ്റ ലഭ്യമാകുന്നതോടെ പടയപ്പ വനത്തിലേക്ക് പിന്‍വാങ്ങുമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ജനവാസമേഖലയിലോ ജനവാസമേഖലക്കരികിലോ ആണ് പടയപ്പ സ്ഥിരമായുള്ളത്.പൊതുവെ ശാന്തസ്വഭാവക്കാരനായ പടയപ്പ അടുത്തനാളില്‍ ചില ആക്രമണ സ്വഭാവം പുറത്തെടുത്തിരുന്നു.പടയപ്പയുടെ ഈ സ്വഭാവമാറ്റം തൊഴിലാളി കുടുംബങ്ങളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.