
മറയൂര്‍: പാമ്പാറ്റില്‍ തുണി അലക്കുന്നതിനിടെ കാല്‍വഴുതി പുഴയില്‍ വീണ് വയോധികന്‍ മുങ്ങി മരിച്ചു. മറയൂര്‍ കോവില്‍ക്കടവ് സഹായിഗിരി സ്വദേശി രാജനാണ് മരിച്ചത്. ഇന്നുച്ചയോടെയായിരുന്നു അപകടം നടന്നത്. ഇഷ്ടിക നിര്‍മ്മാണത്തൊഴിലാളിയായ രാജന്‍ ജോലിക്ക് ശേഷം കുളിക്കാനും തുണി അലക്കുന്നതിനുമായി പാമ്പാറ്റില്‍ എത്തിയതായിരുന്നു. പാറയില്‍ ഇരുന്ന് തുണി അലക്കുന്നതിനിടയില്‍ സോപ്പില്‍ ചവട്ടി കാല്‍ വഴുതി വെള്ളത്തില്‍ വീണു. തെങ്കാശിനാഥന്‍ ക്ഷേത്രത്തിന് സമീപം ഇന്നുച്ചയോടെയായിരുന്നു അപകടം നടന്നത്.
സമീപത്തായി മീന്‍ പിടിച്ചുകൊണ്ടിരുന്നവര്‍ രാജന്‍ അപകടത്തില്‍പ്പെടുന്നത് കണ്ടു. ഉടന്‍ തിരച്ചില്‍ നടത്തിയെങ്കിലും രാജനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെത്തുകയും തിരച്ചില്‍ നടത്തുകയും ചെയ്തു. സമീപവാസികളുടെ കൂടെ സഹായത്താല്‍ നടത്തിയ പരിശോധനയില്‍ രാജന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം പ്രാഥമിക നടപടിക്കുശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.



