KeralaLatest NewsLocal news

ജലജീവന്‍ മിഷന്റെ ഭാഗമായി കുടിവെളള പൈപ്പ് ഇടുന്നതിന് വെട്ടിപ്പൊളിച്ച റോഡുകളിലെ കുഴികള്‍ അടിയന്തരമായി മൂടും.


ഇടുക്കി
: ജില്ലയില്‍ ജലജീവന്‍ മിഷന്റെ ഭാഗമായി കുടിവെളള പൈപ്പ് ഇടുന്നതിന് വെട്ടിപ്പൊളിച്ച റോഡുകളിലെ കുഴികള്‍ അടിയന്തരമായി മൂടി റോഡുകള്‍ സഞ്ചാരയോഗ്യമാക്കാന്‍ തീരുമാനം. ജലജീവന്‍ മിഷന്‍ മിഷന്‍ പദ്ധതികളുടെയും ജില്ലാതല ജല ശുചിത്വ മിഷന്‍ പ്രവര്‍ത്തനങ്ങളുടെയും പുരോഗതി വിലയിരുത്തുന്നതിനായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പൈപ്പ് ഇടുന്നതിനായി കുഴിച്ച റോഡുകളിലെ കുഴികളില്‍ വീണ് നിരവധി അപകടങ്ങളുണ്ടാകാന്‍ സാധ്യതയുളള സാഹചര്യത്തിലാണിത്. മഴക്കാലത്ത് ഇത്തരം അപകടങ്ങളുണ്ടാകുന്നതിനെതിരേ ജാഗ്രത വേണം. കുഴിച്ച വകുപ്പുകള്‍ തന്നെ അത് മൂടാനും നടപടി സ്വീകരിക്കണം. ഇതു സംബന്ധിച്ച് കരാറുകാര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കി ജോലികള്‍ പൂര്‍ത്തീകരിക്കണം. കുഴിക്കുന്ന റോഡുകളില്‍ പൈപ്പ് ഇട്ട് ജോലികള്‍ പൂര്‍ത്തിയാക്കി കുഴികള്‍ മൂടിയിട്ട് വേണം അടുത്ത ഭാഗം കുഴിക്കാന്‍. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. വാട്ടര്‍ അതോറിറ്റി, ഭൂജല വകുപ്പ്, ജലനിധി എന്നിവയാണ് ജലജീവന്‍ മിഷന്റെ നിര്‍വഹണ ഏജന്‍സികള്‍. വാട്ടര്‍ അതോറിറ്റി തൊടുപുഴ ഡിവിഷന്റെ കീഴില്‍ 25509 കണക്ഷനുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ഇതില്‍ 23579 കണക്ഷനുകള്‍ക്കുള്ള ജോലികള്‍ കരാറുകാരെ ഏല്‍പ്പിച്ചു. 13859 കണക്ഷനുകള്‍ പൂര്‍ത്തിയായി.

പൈനാവ് ഡിവിഷനില്‍ 28381 കണക്ഷനുകള്‍ക്കാണ് അനുമതി. 18970 കണക്ഷനുകള്‍ക്കുള്ള ജോലികള്‍ കരാറുകാരെ ഏല്‍പ്പിച്ചു. 6761 കണക്ഷനുകളാണ് പൂര്‍ത്തീകരിച്ചത്.

കട്ടപ്പന ഡിവിഷനില്‍ 179829 കണക്ഷനുകള്‍ക്കാണ് അനുമതി ലഭിച്ചത്. ഇതില്‍ 170309 കണക്ഷനുകളുടെ ജോലികള്‍ കരാറുകാരെ ഏല്‍പ്പിച്ചു. 13978 കണക്ഷനുകള്‍ പൂര്‍ത്തിയായി. കട്ടപ്പന പ്രൊജക്ട് ഡിവിഷന്റെ പരിധിയില്‍ 22 ജലശുദ്ധീകരണശാലകളുടെ പ്രവര്‍ത്തികളാണുള്ളത്. ഇതില്‍ 3 എണ്ണം പൂര്‍ത്തിയായി. 13 എണ്ണം ടെന്‍ഡര്‍ നടപടികളിലാണ്.

ജലനിധിയുടെ കീഴില്‍ 3946 കണക്ഷനുകള്‍ക്കാണ് അനുമതി ലഭിച്ചത്. ഇതില്‍ 3602 കണക്ഷനുകള്‍ നല്‍കി.

ഭൂജല വകുപ്പിനു കീഴില്‍ 621 കണക്ഷനുകള്‍ക്കാണ് സാങ്കേതികാനുമതി ലഭിച്ചത്. ഇതില്‍ ആവശ്യമുള്ള 560 കണക്ഷനുകളില്‍ 485 എണ്ണം പൂര്‍ത്തിയായി.  

മഴക്കാലത്ത് ജലജന്യരോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശുദ്ധീകരണം ഉറപ്പാക്കിയാണ് വാട്ടര്‍ അതോറിറ്റി കുടിവെള്ളം വിതരണം ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന കുടിവെള്ള വിതരണത്തില്‍ ക്ലോറിനേഷന്‍ ഉറപ്പാക്കും. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യവകുപ്പും പരിശോധന നടത്താനും യോഗം തീരുമാനിച്ചു.

ജില്ലാതല ജല ശുചിത്വ മിഷന്‍ മെംബര്‍ സെക്രട്ടറി ടി.എന്‍. സജി, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.കെ. പ്രസാദ്, വാട്ടര്‍ അതോറിറ്റി കട്ടപ്പന ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം. സുധീര്‍, ജലനിധി പ്രതിനിധി ക്രിസ്റ്റിന്‍ ജോസഫ്, ഭൂജല വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി.വി. സിജുമോന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!