ഇടുക്കി മെഡിക്കൽ കോളജിൻ്റെ വികസനത്തിനായി 50 ഏക്കർ സ്ഥലം കൂടി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം :ഇടുക്കി മെഡിക്കൽ കോളജിൻ്റെ വികസനത്തിനായി 50 ഏക്കർ സ്ഥലം അനുവദിച്ചു കൊണ്ട് ഉത്തരവായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. റവന്യൂ വകുപ്പിൻ്റെ കൈവശം ഉണ്ടായിരുന്ന ഭൂമി മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിലുള്ള നിരന്തരമായ ഇടപെടലുകളെ തുടർന്നാണ് മെഡിക്കൽ കോളജിന് കൈമാറാൻ തീരുമാനമായത്. ആശുപത്രിയുടെ വികസനത്തിൽ നാഴിക കല്ലാകുന്നതാണ് ഈ തീരുമാനം. സ്ഥലപരിമിതിയെ തുടർന്ന് വികസന പ്രവർത്തനങ്ങൾ മന്ദഗത്തിയിലായ സാഹചര്യത്തിലാണ് 50 ഏക്കർ ഭൂമി ലഭ്യമായിരിക്കുന്നത്.
അനുവദിച്ച ഭൂമി മെഡിക്കൽ കോളജിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് റവന്യൂ വകുപ്പ് നിബന്ധന വച്ചിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ ഇവിടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് പദ്ധതി എന്നും റോഷി അഗസ്റ്റിൻ അറിയിച്ചു.ഇടുക്കി ജില്ലാ ആശുപത്രിയുടെ പ്രാഥമിക സൗകര്യങ്ങൾ ഉപയോഗിച്ചാണ് മെഡിക്കൽ കോളേജ് ആശുപത്രി ആരംഭിച്ചത്. ആദ്യഘട്ടത്തിൽ തന്നെ ജില്ലാ പഞ്ചായത്ത് മുഖേന 40 ഏക്കർ സ്ഥലം മെഡിക്കൽ കോളേജിൽ നൽകിയിരുന്നു. വിവിധ ഡിപ്പാർട്ട്മെൻറ്കളുടെ പ്രവർത്തനം, കോളേജ് ഹോസ്റ്റലുകൾ, ക്വാർട്ടേഴ്സുകൾ തുടങ്ങിയവ നിർമ്മാണം നടത്തിയിട്ടുണ്ട്.
കൂടുതൽ ഡിപ്പാർട്ട്മെന്റുകൾ ആരംഭിക്കുന്നതിനും നിർമ്മാണ പ്രവർത്തികൾക്കുമായി 50 ഏക്കർ സ്ഥലം കൂടി സർവ്വേ ചെയ്യുകയും റവന്യൂ വകുപ്പിൽ നിന്ന് വിട്ടു കിട്ടുന്നതിനുള്ള നടപടികൾ തുടർന്ന് വരുകയും ആയിരുന്നു. ഇടുക്കി പോലീസ് സ്റ്റേഷൻ മുതൽ നിലവിലെ ഹോസ്പിറ്റൽ വരെയുള്ള ഭാഗവും റോഡിന് എതിർവശമുള്ള സ്ഥലവുമാണ് ഇപ്പോൾ 50 ഏക്കർ സ്ഥലം വിട്ടു നൽകിക്കൊണ്ട് റവന്യൂ വകുപ്പിൽ നിന്നും ഉത്തരവ് നൽകിയിട്ടുള്ളത്.