
അടിമാലി: പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി ദേവികുളം താലൂക്കിലെ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കുള്ള ഏകദിന പരിശീലന പരിപാടി നടന്നു.സ്‌കൂളുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. നൂറിനടുത്ത ആളുകള്‍ ക്ലാസില്‍ പങ്കെടുത്തു.മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ വച്ചായിരുന്നു പരിപാടി നടന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.രാജേഷ് ജോര്‍ജ് ആമുഖ പ്രഭാഷണം നടത്തി.

മാനസിക സമ്മര്‍ദ്ധം ലഘൂകരിക്കുന്നതിനുള്ള പരിശീലനം, വൈകാരിക അസന്തുലിതാവസ്ഥയും ഡ്രൈവിങ്ങും, പോക്‌സോ നിയമം എന്നിവയില്‍ ഡോ. ജാക്‌സണ്‍ ദാസ് തോട്ടുങ്കലും അപകടത്തില്‍പ്പെട്ടാല്‍ നല്‍കേണ്ട പ്രഥമ ശുശ്രൂഷ, ബേസിക് ലൈഫ് സപ്പോര്‍ട്ട് എന്നിവയിലുള്ള പ്രയോഗിക പരിശീലനം സിസ്റ്റര്‍ അമല്‍ ജോസ് ഡോ. ശ്രീഹരി കാര്യാട്ട് എന്നിവരും നല്‍കി. റോഡ് റെഗുലേഷന്‍, സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ പാലിക്കേണ്ട നിയമങ്ങള്‍ എന്നിവ സംബന്ധിച്ച് എം വി ഐ ദീപു എന്‍ കെ ക്ലാസ് നയിച്ചു. പങ്കെടുത്ത ഡ്രൈവര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.ജോയിന്റ് ആര്‍ ടി ഒ റ്റി എച്ച് എല്‍ദോ, എം വി ഐ ചന്ദ്രലാല്‍ കെ കെ, എ എം വി ഐമാരായ ഫവാസ് എ സലീം, അബിന്‍ ഐസക്ക് എന്നിവര്‍ പങ്കെടുത്തു.