സര്‍ക്കാര്‍ ഹൈസ്‌ക്കൂളിന് മുന്‍ഭാഗത്ത് ദേശിയപാതയോരത്ത് ഭക്ഷണമാലിന്യം തള്ളുന്നതായി പരാതി

അടിമാലി: അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിന് മുന്‍ഭാഗത്ത് ദേശിയപാതയോരത്ത് ഭക്ഷണമാലിന്യം തള്ളുന്നതായി പരാതി. വിവിധയിടങ്ങളില്‍ ഭക്ഷണ മാലിന്യം കൂടി കിടപ്പുണ്ട്. മഴ പെയ്തതോടെ ഈ ഭക്ഷണ മാലിന്യങ്ങള്‍ ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയുണ്ട്.ഭക്ഷണ മാലിന്യമൊഴുകി സ്‌കൂള്‍ കോമ്പൗണ്ടിലേക്കും എത്തുന്നു.

വിഷയത്തില്‍ പ്രശ്‌നപരിഹാരം വേണമെന്നാണ് ആവശ്യം. തണല്‍മരങ്ങള്‍ നിറഞ്ഞ ഭാഗവും ടൗണിലെ തിരക്കൊഴിഞ്ഞ ഇടവുമായതിനാല്‍ വിനോദ സഞ്ചാരികളായി എത്തുന്നവര്‍ ഈ ഭാഗത്ത് വാഹനം നിര്‍ത്തി വിശ്രമിക്കുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യാറുണ്ട്.വാഹനത്തിന്റെ മറപറ്റി ഭക്ഷണാവശിഷ്ടം പാതയോരത്ത് തന്നെ നിക്ഷേപിച്ച് പോകുകയാണ് പലപ്പോഴും ഉണ്ടാകാറ്.മഴ പെയ്തതോടെയാണ് ഈ ഭക്ഷണ വസ്തുക്കള്‍ അഴുകി ദുര്‍ഗന്ധം ഉയരുന്ന സ്ഥിതിയുണ്ടായിട്ടുള്ളത്.മാലിന്യ നിക്ഷേപം തടയാന്‍ നടപടി സ്വീകരിക്കുന്നതിനൊപ്പം ഇത് സംബന്ധിച്ച് ഒരു മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാന്‍ നടപടി വേണമെന്നുമാണ് ആവശ്യം.