ദേശിയപാത നിര്‍മ്മാണത്തിലെ ഹൈക്കോടതി വിധി; മറികടക്കാന്‍ വനംവകുപ്പ് ശ്രമം നടത്തിയാല്‍ കൂട്ടായ ഇടപെടല്‍ ഉണ്ടാകണമെന്ന് ഹര്‍ജ്ജിക്കാര്‍

അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നും ലഭിച്ചിട്ടുള്ള ഉത്തരവ് മറികടക്കാന്‍ വനംവകുപ്പ് ശ്രമം നടത്തിയാല്‍ അതിനെതിരെ ജില്ലയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇടപെടല്‍ ഉണ്ടാകണമെന്ന് ഹര്‍ജ്ജിക്കാര്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള മേഖലയിലെ നിര്‍മ്മാണ ജോലികള്‍ തടസ്സപ്പെടുത്താന്‍ വനംവകുപ്പിന് അധികാരമില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വിധിച്ചിരുന്നു.നേര്യമംഗലം മുതല്‍ വാളറ വരെയുള്ള 14 കിലോമീറ്റര്‍ മേഖലയിലെ നിര്‍മ്മാണ ജോലികള്‍ക്ക് വനംവകുപ്പ് തടസ്സം നില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥിനിയായ കിരണ്‍ സിജു, കിഫ ജില്ലാ പ്രസിഡന്റുമാരായ ബബിന്‍ ജെയിംസ്, സിജുമോന്‍ ഫ്രാന്‍സീസ്, ഇരുമ്പുപാലം സ്വദേശി മീരാന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജ്ജിയിലായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുണ്ടായത്.
ഹൈക്കോടതിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ള വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാനുള്ള ശ്രമം വനംവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നു. അത്തരമൊരു നീക്കമുണ്ടായാല്‍ അതില്‍ ഗൗരവകരമായ ഇടപെടല്‍ നടത്തണമെന്നും ഹര്‍ജ്ജിക്കാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇല്ലാത്ത നിയമത്തിന്റെ പേരില്‍ അധികാരം സ്ഥാപിക്കുന്ന വനംവകുപ്പിന് ലഭിച്ച പ്രഹരമാണ് ഇപ്പോഴത്തെ കോടതി വിധി. ജനദ്രാഹ നിലപാടുകളില്‍ നിന്നും വനംവകുപ്പ് വിട്ട് നില്‍ക്കണം. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് നൂറടി വീതിയില്‍ റോഡ് തിരിച്ചിടണമെന്നും ഹര്‍ജ്ജിക്കാര്‍ ആവശ്യമുന്നയിച്ചു.