അടിമാലി ടൗണിലെ ഗതാഗത കുരുക്കിന് തിരശ്ശീല വീഴുന്നു : നാളെ മുതൽ പുതിയ ട്രാഫിക് പരിഷ്കരണങ്ങൾ നിലവിൽ വരും….

അടിമാലി : നാളുകളായി അടിമാലി ടൗണിൽ നിലനിൽക്കുന്ന ഗതാഗത കുരുക്കിന് നാളെ മുതൽ തിരശ്ശീല വീഴും. കഴിഞ്ഞ ജൂലൈ 6ന് ചേർന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുടെ തീരുമാനപ്രകാരം പുതിയ ട്രാഫിക് പരിഷ്കരണങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. അനധികൃത പാർക്കിംഗ് മുതൽ വൺവേ സംവിധാനങ്ങളും കൃത്യമായി നടപ്പിലാക്കാനാണ് പഞ്ചായത്ത് തീരുമാനം.
താലൂക്ക് ആശുപത്രിക്ക് മുൻപിലും വശങ്ങളിലുമുള്ള വാഹനങ്ങളുടെ പാർക്കിംഗ്, അനധികൃത കച്ചവടം എന്നിവ അനുവദിക്കില്ല, മോട്ടർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് പിടിച്ചിട്ടിരിക്കുന്ന തുരുമ്പ് പിടിച്ച വാഹനങ്ങൾ റോഡിന്റെ വശങ്ങളിൽ നിന്നും നീക്കം ചെയ്യും, അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്താൽ പിഴ ഈടാക്കും, ലൈബ്രറി റോഡ് വൺവേ സംവിധാനം കർശനമായി നടപ്പിലാക്കും, മൂന്നാർ ഭാഗത്തേക്ക് പോകുന്ന ബസ്റ്റോപ്പ് പഞ്ചായത്തിന്റെ ടെക്ക് എ ബ്രേക്ക് കെട്ടിടത്തിന് സമീപത്തേക്ക് മാറ്റും, ഇരുമ്പുപാലം ബസ്സുകൾ പഞ്ചായത്ത് ജംഗ്ഷൻ വരെ വന്നു പോകുവാൻ തീരുമാനിച്ചു , ബസ്റ്റാൻഡിലേക്ക് ബസ് കയറിയിറങ്ങുന്നതിന് മാറ്റം വരുത്തി, 22 ഓട്ടോ സ്റ്റാൻഡുകൾക്ക് പെർമിറ്റ് അനുവദിക്കും തുടങ്ങി 17 ഓളം പുതിയ പരിഷ്കാരങ്ങളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. നാളെ മുതൽ പുതിയ ട്രാഫിക് പരിഷ്കാരങ്ങൾ നിലവിൽ വരും. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും അടിമാലി ഗ്രാമപഞ്ചായത്ത് അറിയിച്ചു .



