സര്‍ക്കാര്‍ ഹൈസ്‌ക്കൂളിന്റെ ഓപ്പണ്‍ ഓഡിറ്റോറിയ നിര്‍മ്മാണം പുരോഗമിക്കുന്നു

അടിമാലി: അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിന്റെ ഓപ്പണ്‍ ഓഡിറ്റോറിയ നിര്‍മ്മാണം പുരോഗമിക്കുന്നു. രണ്ടാംഘട്ട നിര്‍മ്മാണ ജോലികള്‍ക്കായി ജില്ലാ പഞ്ചായത്ത് തുക വകയിരുത്തിയതോടെയാണ് നിര്‍മ്മാണം നിലച്ചിടത്തു നിന്നും തുടര്‍ ജോലികള്‍ ആരംഭിച്ചിട്ടുള്ളത്.
വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിനായി ജില്ലാ പഞ്ചായത്തിന്റെ ഫണ്ടനുവദിച്ച് ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചത്. സ്‌കൂള്‍ മുറ്റത്തുണ്ടായിരുന്ന പഴയ സ്റ്റേജ് പൊളിച്ച് നീക്കിയായിരുന്നു ജോലികള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ കെട്ടിടത്തിനായി വേണ്ടുന്ന അടിത്തറ നിര്‍മ്മിക്കുകയും പില്ലറുകള്‍ വാര്‍ക്കുകയും ചെയ്തതൊഴിച്ചാല്‍ മറ്റ് നിര്‍മ്മാണ ജോലികള്‍ ഒന്നും നടന്നില്ല. കാത്തിരിപ്പിനൊടുവില്‍ രണ്ടാംഘട്ട നിര്‍മ്മാണ ജോലികള്‍ക്കായി ജില്ലാ പഞ്ചായത്ത് തുക വകയിരുത്തിയതോടെയാണ് നിര്‍മ്മാണം നിലച്ചിടത്തു നിന്നും തുടര്‍ ജോലികള്‍ ആരംഭിച്ചിട്ടുള്ളത്.
ഒരു മാസത്തിനകം നിര്‍മ്മാണജോലികള്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. നിര്‍മ്മാണത്തിന് തുടക്കമിട്ട ശേഷം ജോലികള്‍ പാതിവഴിയില്‍ നിലച്ചത് പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. പൊതുവിദ്യാലയമെന്ന നിലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് മുതല്‍ക്കൂട്ടാകേണ്ട നിര്‍മ്മിതിയാണ് പലവിധകാരണങ്ങള്‍ കൊണ്ട് പാതിവഴിയില്‍ നിലച്ച് കിടന്നിരുന്നത്. ആദിവാസി മേഖലയില്‍ നിന്നും തോട്ടം മേഖലയില്‍ നിന്നുമൊക്കെ നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന വിദ്യാലയമാണ് അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍.