
അടിമാലി: ഉത്പാദനം കുറഞ്ഞതോടെ റബ്ബര്‍വിലയില്‍ വര്‍ധനവ്. ആഭ്യന്തര വിപണിയില്‍ ഈ സീസണിലെ ഉയര്‍ന്ന വിലയാണ് റബ്ബറിന് ഇപ്പോള്‍ ലഭിക്കുന്നത്. ആര്‍ എസ് എസ് ഫോറിന് കോട്ടയം, കൊച്ചി മാര്‍ക്കറ്റുകളില്‍ 185ന് മുകളില്‍ വില രേഖപ്പെടുത്തി. മാര്‍ച്ച് 15ന് അടിസ്ഥാനവിലയായ 180 കടന്നിരുന്നു. മഴയാരംഭിച്ചതോടെ റബ്ബറിന്റെ ഉത്പാദനത്തില്‍ കഴിഞ്ഞ ഒരു മാസമായി കുറവ് സംഭവിച്ചിട്ടുണ്ട്.
ഉത്പാദനം കുറഞ്ഞതിനൊപ്പം കമ്പനികള്‍ മികച്ച രീതിയില്‍ റബ്ബര്‍ സംഭരിക്കുന്നതും വില വര്‍ധനവിന് കാരണമായിട്ടുണ്ട്. വില ഉയര്‍ന്നെങ്കിലും മഴ മൂലം ടാപ്പിംഗ് നടക്കാത്തതിനാല്‍ ചെറുകിട കര്‍ഷകര്‍ക്ക് വില വര്‍ധനവിന്റെ പ്രയോജനം ലഭിക്കുന്നില്ല. മഴക്കാലമാരംഭിച്ചതോടെ റബ്ബര്‍മരങ്ങളില്‍ മഴ മറ തീര്‍ക്കാനുള്ള ശ്രമം കര്‍ഷകര്‍ ആരംഭിച്ചിട്ടുണ്ട്. മഴ അല്‍പ്പം തോര്‍ന്ന് നിന്നാല്‍ മാത്രമെ മഴ മറ ഒട്ടിക്കാനാകു. സാധാരണ വേനല്‍മഴക്ക് ശേഷം മഴക്കാലത്തിന് തൊട്ടുമുമ്പ് ലഭിക്കുന്ന വെയില്‍ സമയത്താണ് സാധാരണ കര്‍ഷകര്‍ മഴ മറ തീര്‍ക്കാറുള്ളത്. എന്നാല്‍ ഇത്തവണ വേനല്‍ മഴ തോരാതെ നിന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കാലവര്‍ഷം കൂടിയെത്തിയ സാഹചര്യത്തില്‍ മഴ മറ തീര്‍ത്താല്‍ മാത്രമെ കര്‍ഷകര്‍ക്ക് ടാപ്പിംഗ് തുടരാനാകു.മഴ കനക്കുന്നതോടെ റബ്ബര്‍ ഉത്പാദനം ഇനിയും കുറയാനാണ് സാധ്യത.