
മൂന്നാര്‍: മാസങ്ങള്‍ക്ക് മുമ്പ് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മൂന്നാര്‍ കന്നിമല ടോപ്പ് ഡിവിഷന്‍ സ്വദേശികളായ ദമ്പതികള്‍ക്കിനിയും സര്‍ക്കാര്‍ സഹായം ലഭ്യമായില്ലെന്ന് പരാതി.ഫെബ്രുവരി 27ന് രാത്രിയില്‍ കന്നിമല ടോപ്പ് ഡിവിഷനില്‍ ഉണ്ടായ കാട്ടാന ആക്രമണത്തിലായിരുന്നു ഐസക്കിരാജ ഭാര്യ രജന എന്നിവര്‍ക്ക് പരിക്കേറ്റത്.സംഭവത്തില്‍ അന്ന് പ്രദേശവാസിയായ സുരേഷ് കുമാര്‍ മരണപ്പെടുകയും ചെയ്തിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പരിക്ക് സംഭവിച്ച ഐസക്കിരാജക്കും ഭാര്യ രജനക്കും ഇനിയും സര്‍ക്കാര്‍ സഹായം ലഭ്യമായിട്ടില്ലെന്നാണ് പരാതി.

സഹായം വൈകുന്നതില്‍ പ്രതിഷേധവും ഉയരുന്നുണ്ട്.ഐസക്കിരാജയുടെ കാല്‍മുട്ടുകള്‍ക്കും പല്ലിനും പരിക്ക് സംഭവിച്ചിരുന്നു. ഭാര്യ രജനയുടെ കാലിനും പരിക്ക് പറ്റി. സംഭവ ശേഷം ഇരുവരും ചികിത്സയിലായിരുന്നു. ഇപ്പോഴും തുടര്‍ ചികിത്സ നടക്കുന്നു. തോട്ടത്തില്‍ തൊഴിലിന് പോകുന്നുണ്ടെങ്കിലും ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് ദമ്പതികള്‍ പറഞ്ഞു.

കുട്ടികളുടെ ആവശ്യങ്ങള്‍ക്കും കുടുംബ ചിലവിനുമൊക്കെയുള്ള പണം ഉണ്ടാകണം. അതിന് പുറമെയാണിപ്പോള്‍ തുടര്‍ ചികിത്സക്കുള്ള പണവും കണ്ടെത്തേണ്ട സാഹചര്യമുള്ളത്.കാട്ടാന ആക്രമണത്തില്‍ പരിക്ക് സംഭവിക്കുന്നവര്‍ക്ക് നല്‍കേണ്ടുന്ന നഷ്ടപരിഹാരത്തുക ഇനിയും വൈകാതെ തങ്ങള്‍ക്ക് ലഭ്യമാക്കണമെന്നാണിവരുടെ ആവശ്യം.