Latest NewsLocal news

ഉരുൾപൊട്ടലിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി;അപകടത്തിൽ ഭർത്താവും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

ഇടുക്കി: ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ മഷിക്കല്ലേൽ സുമതിയുടെ മൃതദേഹം കണ്ടെത്തി. പുലർച്ചെ രണ്ട് മണിയോടെയുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ വീട് പൂർണമായും മണ്ണിനടിയിലാവുകയായിരുന്നു.

അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് രവിയും മകൻ രതീഷും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സുമതി മണ്ണിനടിയിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഫയർഫോഴ്സും പ്രാദേശികവാസികളും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.

ഇടുക്കിക്ക് പുറമേ കോട്ടയം ജില്ലയിലും വിവിധയിടങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങ, കൊക്കയാർ പഞ്ചായത്ത്, മൂന്നിലവ് എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് മണപ്പാട്ട് ജോണിയുടെ വീടിന് മുകളിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണു.

ഇടുക്കി ഉപ്പുതറ മത്തായിപ്പാറയിൽ പൊലീസ് ജീപ്പിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണെങ്കിലും ഉദ്യോഗസ്ഥർ വാഹനം നിർത്തി പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.

അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലാക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് നിലവിലുള്ളത്.

കനത്ത മഴയും ദുരിതവും കണക്കിലെടുത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!