ദേശിയപാതയില്‍ നേര്യമംഗലം പാലത്തിന്റെ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നു

അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലെ നേര്യമംഗലത്ത് പുതിയ പാലത്തിന്റെ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നു. ഇടുക്കി എറണാകുളം ജില്ലകളെ ബന്ധിപ്പിച്ച് പെരിയാറിന് കുറുകെയാണ് കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ നേര്യമംഗലം പാലമുള്ളത്. ദേശിയപാത നവീകരണത്തിന്റെ ഭാഗമായാണ് പുതിയ പാലത്തിന്റെ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നത്.
214 മീറ്റര്‍ നീളവും 13 മീറ്റര്‍ വീതിയും അഞ്ച് സ്പാനുകളുമായിട്ടാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. പാലത്തിനായി വേണ്ടുന്ന തൂണുകളുടെ നിര്‍മ്മാണ ജോലികള്‍ ആദ്യഘട്ടത്തില്‍ പുരോഗമിക്കുകയാണ്. രാജ ഭരണകാലത്താണ് നിലവിലുള്ള നേര്യമംഗലം പാലം പണി കഴിപ്പിച്ചിട്ടുള്ളത്. രണ്ട് വലിയ വാഹനങ്ങള്‍ക്ക് ഒരേ സമയം പാലത്തിലൂടെ കടന്ന് പോകുവാന്‍ പ്രയാസമാണ്. ഇത് പലപ്പോഴും ഗതാഗതകുരുക്കിന് ഇടവരുത്തുന്നു. പുതിയ പാലം യാഥാര്‍ത്ഥ്യമായാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും. ചരിത്ര പ്രാധാന്യമുള്ള പഴയ പാലം നിലനിര്‍ത്തിയാകും പുതിയ പാലം നിര്‍മ്മിക്കുക.