വായനാ വസന്തം; വീട്ടിലേക്ക് ഒരു പുസ്തകം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു

മൂന്നാര്‍: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നടപ്പിലാക്കുന്ന വായനാ വസന്തം, വീട്ടിലേക്ക് ഒരു പുസ്തകം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ദേവികുളത്ത് നടന്നു. ആളുകളില്‍ വായന വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വായനാ വസന്തം, വീട്ടിലേക്ക് ഒരു പുസ്തകം പദ്ധതി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നടപ്പിലാക്കുന്നത്. കേരളത്തിലെ എല്ലാ ഗ്രന്ഥശാലകളേയും കോര്‍ത്തിണക്കി അതാതിടങ്ങളിലെ വീടുകളിലേക്ക് പുസ്തകങ്ങള്‍ നേരിട്ട് വായനക്കാരുടെ അഭിരുചിക്കനുസരണമായി എത്തിക്കുകയെന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
ദേവികുളം ശ്രീമൂലം ക്ലബ്ബ് ലൈബ്രറി ഹാളില്‍ നടന്ന പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം കെ എം ബാബു നിര്‍വ്വഹിച്ചു.ജില്ലാ ലൈബ്രറി കൗണ്‍സിലാണ് ജില്ലയില്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ ആര്‍ രമണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സിലംഗം റ്റി ആര്‍ ഹരിദാസ്, പി എന്‍ ബാലകൃഷ്ണന്‍ ആചാരി, വി ഒ ഷാജി, ശരത് ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.