ഈ വേനല്‍ക്കാലവും അവസാനിക്കുന്നു; അണക്കെട്ടുകളില്‍ നിന്ന് മണലും ചെളിയും നീക്കാന്‍ നടപടിയുണ്ടായില്ല

മാങ്കുളം: ഈ വേനല്‍ക്കാലം അവസാനിക്കുമ്പോഴും ജില്ലയിലെ അണക്കെട്ടുകളില്‍ നിന്നും പുഴകളില്‍ നിന്നും മണലും ചെളിയും നീക്കാന്‍ നടപടിയുണ്ടായില്ല. അണക്കെട്ടുകളില്‍ നിന്നും പുഴകളില്‍ നിന്നും മണല്‍ വാരി നീക്കുകയും ജലാശയങ്ങളുടെ സംഭരണശേഷി വര്‍ധിപ്പിക്കണമെന്നുമുള്ള ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 2018ലെ പ്രളയകാലത്ത് അണക്കെട്ടുകളിലേക്കും പുഴകളിലേക്കുമൊക്കെ വലിയ തോതില്‍ ചെളിയും മണലും ഒഴുകി വന്നടിഞ്ഞിട്ടുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായ ഇടങ്ങളില്‍ നിന്നൊക്കെയും കല്ലും മണ്ണും അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തിയിരുന്നു.

ചെറുകിട അണക്കെട്ടുകളുടെ സംഭരണശേഷിയെ ഇത് പ്രതികൂലമായി ബാധിച്ചു. ചെറിയ മഴ പെയ്യുമ്പോള്‍ തന്നെ ചെറുകിട അണക്കെട്ടുകള്‍ തുറക്കേണ്ടുന്ന സ്ഥിതിയുണ്ടാകുന്നു. അണക്കെട്ടുകള്‍ക്ക് പുറമെ പുഴകളിലും വലിയ തോതില്‍ മണ്ണും ചെളിയുമടിഞ്ഞിട്ടുള്ള സാഹചര്യമുണ്ട്. ചെറിയ മഴപെയ്താല്‍ പോലും ഹൈറേഞ്ചിലെ പലപുഴകളും വേഗത്തില്‍ കരകവിയുന്ന അവസ്ഥ. ഇത് പലപ്പോഴും അപ്രതീക്ഷിതമായി പുഴ കരകവിയുന്നതിനും വെള്ളക്കെട്ട് ഉണ്ടാകുന്നതിനും ഇടവരുത്തുന്നു.

കൈത്തോടുകളുടെയും പുഴകളുടെയും തീരങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കാണ് ഇത് തിരിച്ചടി സമ്മാനിക്കുന്നത്. അണക്കെട്ടുകളിലേയും പുഴകളിലേയും മണലും ചെളിയും നീക്കം ചെയ്താല്‍ ഇവയുടെ സംഭരണ ശേഷി വര്‍ധിപ്പിക്കാമെന്നതിനൊപ്പം മണല്‍ വിറ്റഴിക്കുന്നതിലൂടെ വലിയൊരു തുക സര്‍ക്കാര്‍ ഖജനാവിലേക്കെത്താന്‍ സഹായകരമാകുമെന്നും വാദമുയരുന്നു. വീടുകളുടെയടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അയല്‍ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമൊക്കെയാണ് മണലുള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ എത്തിക്കുന്നത്. മണല്‍ ജില്ലയില്‍ തന്നെ ലഭ്യമാകുന്ന സാഹചര്യമുണ്ടായാല്‍ നിര്‍മ്മാണ മേഖലക്കും ഗുണകരമാകും.