പൈനാപ്പിള്‍ കര്‍ഷകരുടെ രാസവള പ്രതിസന്ധി: കേന്ദ്ര കൃഷി മന്ത്രിക്ക് കത്തയച്ച് അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി.

ഇടുക്കി : രാസവളങ്ങളുടെ രൂക്ഷമായ വിലവര്‍ധനവും ക്ഷാമവും മൂലം പ്രതിസന്ധിയിലായ പൈനാപ്പിള്‍ കര്‍ഷകരെ സഹായിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി. കേന്ദ്ര കൃഷി-കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി ശിവ്രാജ് സിംഗ് ചൗഹാന് കത്തയച്ചു.
വാഴക്കുളം പൈനാപ്പിള്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയും ഓള്‍ കേരള പൈനാപ്പിള്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനും നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് എം.പി. കേന്ദ്ര മന്ത്രിയുടെ ഇടപെടല്‍ തേടിയത്.
ഉയര്‍ന്ന വിളവിനും കയറ്റുമതി ഗുണനിലവാരമുള്ള പൈനാപ്പിള്‍ ഉത്പാദനത്തിനും രാസവളങ്ങള്‍ അത്യാവശ്യമാണെന്നിരിക്കെ, നിലവിലുണ്ടായ വിലവര്‍ധനവ് കര്‍ഷകരുടെ നട്ടെല്ലൊടിച്ചിരിക്കുകയാണെന്ന് എം.പി. കത്തില്‍ ചൂണ്ടിക്കാട്ടി. ഏപ്രില്‍ മാസം മുതല്‍ ഫാക്ടംഫോസ് ചാക്കിന് 825 രൂപയും, പൊട്ടാഷിന് 300 രൂപയും, എന്‍പികെ മിശ്രിത വളങ്ങള്‍ക്ക് 500 രൂപയുമാണ് വര്‍ധിച്ചത്. ഇതിനുപുറമേ ഏറ്റവും അത്യാവശ്യമായ യൂറിയയുടെ കടുത്ത ക്ഷാമവും കര്‍ഷകരെ വലയ്ക്കുന്നു. വളങ്ങളുടെ ഉയര്‍ന്ന വില കാരണം ഉത്പാദനച്ചെലവ് കുത്തനെ ഉയരുകയും, കൃഷിയില്‍ നിന്നുള്ള വരുമാനം ഇല്ലാതാവുകയും ചെയ്തു. ഇത് കര്‍ഷകരെ കടുത്ത കടക്കെണിയിലേക്കും ബാങ്ക് വായ്പാ തിരിച്ചടവ് പ്രതിസന്ധിയിലേക്കും തള്ളിയിട്ടിരിക്കുകയാണ്.
യൂറിയ, പൊട്ടാഷ്, NPK വളങ്ങള്‍ക്ക് കര്‍ശനമായ വില പരിധി നിശ്ചയിച്ച് കൃത്രിമ വിലക്കയറ്റം തടയുന്നതിനും, യൂറിയ ലഭ്യത ഉറപ്പാക്കുകയും, കര്‍ഷകര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ വളങ്ങള്‍ ലഭ്യമാക്കാന്‍ പ്രത്യേക സബ്സിഡി അനുവദിക്കുന്നതിനും, വളങ്ങളുടെ കൃത്രിമ ക്ഷാമവും കരിഞ്ചന്തയും തടഞ്ഞ് എല്ലാ അത്യാവശ്യ രാസവളങ്ങളുടെയും വിതരണം തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കില്‍ സംസ്ഥാനത്തെ ആയിരക്കണക്കിന് കര്‍ഷകര്‍ പൈനാപ്പിള്‍ കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുമെന്നും, ഇത് ഈ മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും എം.പി. മുന്നറിയിപ്പ് നല്‍കി.



