മൂന്നാറില്‍ ലോട്ടറി വില്‍പ്പനക്കാരനെ കബളിപ്പിച്ച് നൂറ് ടിക്കറ്റിലധികം കവര്‍ന്നു

മൂന്നാര്‍: ലോട്ടറി വാങ്ങാനെന്ന വ്യാജേന സമീപിച്ച് മൂന്നാറില്‍ ലോട്ടറി വില്‍പ്പനക്കാരനെ കബളിപ്പിച്ചതായി പരാതി.അടിമാലി കുരിശുപാറ സ്വദേശിയായ ജോസാണ് കബളിപ്പിക്കപ്പെട്ടത്. വ്യാഴാഴിച്ചയായിരുന്നു സംഭവം. ജോസ് അടിമാലിയില്‍ നിന്നും ലോട്ടറി വാങ്ങി മൂന്നാറിലും പരിസര പ്രദേശങ്ങളിലുമൊക്കെയാണ് വില്‍പ്പന നടത്തുന്നത്.

ലോട്ടറി വില്‍പ്പനക്കിടയില്‍ ജോസിന്നലെ മൂന്നാറിലെ ഒരു ഹോട്ടലില്‍ ഉച്ചക്ക് ഭക്ഷണം കഴിക്കുവാനായി കയറി. ഇതിനിടയില്‍ ലോട്ടറിയെടുക്കാന്‍ ഒരാള്‍ ജോസിനെ സമീപിച്ചു.നമ്പര്‍ തിരയാനെന്ന വ്യാജേന ഇയാള്‍ ജോസിന്റെ കൈവശമുണ്ടായിരുന്ന മുഴുവന്‍ ലോട്ടറികളും കൈയ്യില്‍ വാങ്ങി. അല്‍പ്പ സമയത്തിനകം ടിക്കറ്റുകള്‍ തിരികെ നല്‍കുകയും ഇയാള്‍ സ്ഥലത്തു നിന്ന് പോകുകയും ചെയ്തു.

ഇതിന് ശേഷമാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം ജോസ് തിരിച്ചറിയുന്നത്. തിരികെ ലഭിച്ച ലോട്ടറികളില്‍ 100 എണ്ണത്തില്‍ അധികവും പഴയ ലോട്ടറികളായിരുന്നു.നാലായിരം രൂപയോളമാണ് ജോസിന് നഷ്ടമായത്.സംഭവത്തെ തുടര്‍ന്ന് ജോസ് മൂന്നാര്‍ പോലീസില്‍ പരാതി നല്കി.ഇന്ന് നറുക്കെടുക്കാനായി വില്‍പ്പന നടത്തേണ്ടിയിരുന്ന 100 ടിക്കറ്റുകളാണ് ജോസിന് നഷ്ടമായത്.തന്നെ കബളിപ്പിച്ച തട്ടിപ്പുകാരനെ വൈകാതെ പോലീസ് കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ജോസുള്ളത്.