
മറയൂര്‍: കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ നടക്കും.കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി ടി മോഹന്‍ദാസ് കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു.ഇതിനെ തുടര്‍ന്നാണ് നാളെ കാന്തല്ലൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നര വര്‍ഷം മുമ്പ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സി പി എമ്മിന് ആറും കോണ്‍ഗ്രസിന് അഞ്ചും സി പി ഐക്കും ബി ജെ പിക്കും ഒരോ സീറ്റുവീതവുമായിരുന്നു ഉണ്ടായിരുന്നത്.

നാലുവര്‍ഷം സി പി എമ്മിനും അവസാന ഒരു വര്‍ഷം സി പി ഐയിലെ ഏക അംഗമായ പി ബിജുവിനും പ്രസിഡന്റ് സ്ഥാനം നല്‍കുവാനുമാണ് ഇടതുപക്ഷത്തിന്റെ ധാരണ. ആറുമാസം മുമ്പ് കോണ്‍ഗ്രസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ട് വന്നിരുന്നു. എന്നാല്‍ പ്രമേയം ചര്‍ച്ചക്ക് എടുക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് പഞ്ചായത്തംഗം പി ടി തങ്കച്ചന്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു.

സി പി ഐ അംഗം പി ബിജുവിനെ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിക്കുവാനുള്ള ശ്രമവും പരാജയപ്പെട്ടിരുന്നു.നിലവില്‍ ഇടതുപക്ഷത്തിന് എട്ടും കോണ്‍ഗ്രസിന് നാലും ബി ജെ പിക്ക് ഒന്നും അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്.