
മൂന്നാര്‍: നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ നയമക്കാട് പ്രഭാകരനെന്ന പ്രഭാകരന് അറസ്റ്റിലായി. എക്സൈസ് സംഘം കോയമ്പത്തൂരില്‍ നിന്നുമാണ് പ്രഭാകരനെ പിടികൂടിയത്. മൂന്നാര്‍ കെ ഡി എച്ച് വില്ലേജില്‍ നയമക്കാട് എസ്റ്റേറ്റില്‍ വെസ്റ്റ് ഡിവിഷനിലാണ് മുമ്പ് പ്രഭാകരന് താമസിച്ചിരുന്നത്.ഇവിടെ നിന്നുമാണ് നയമക്കാട് പ്രഭാകരന് എന്ന പേര് പ്രഭാകരന് ലഭിക്കുന്നത്.

നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണിയാള്‍.വിവിധ എക്സൈസ് ഓഫീസുകളിലായി എട്ടോളം അബ്കാരി കേസുകള്‍ പ്രഭാകരന്റെ പേരിലുണ്ട്. പോലീസ് കേസുകള്‍ വേറെയും. കാപ്പാ നിയമപ്രകാരം കുറച്ച് നാള് പ്രഭാകരന് ജയില്‍ശിക്ഷ അനുഭവിച്ചു.നിലവില്‍ മൂന്ന് അറസ്റ്റ് വാറണ്ടുകള്‍ പ്രഭാകരന്റെ പേരില്‍ ഉള്ളതായും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മധ്യമേഖല ജോയിന്റ് എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ഒരു പ്രത്യേക ടീമിനെ പ്രഭാകരനെ വലയിലാക്കുവാനായി നിയമിച്ചിരുന്നു.ഈ സംഘത്തിന്റെ കൃത്യമായ പ്രവര്‍ത്തനമാണ് പ്രഭാകരന് നിലവില്‍ എവിടെയെന്ന് കണ്ടെത്താനും കോയമ്പത്തൂരില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കാനും സഹായിച്ചത്.ചെറുകിട മദ്യവില്‍പ്പനക്കാരനില്‍ നിന്നും വ്യാജമദ്യ ലോബിയുടെ തലപ്പത്തേക്ക് വളര്‍ന്നതാണ് പ്രഭാകരന്റെ ചരിത്രം.പ്രഭാകരന് പിടിയിലായതോടെ വിവിധ കേസുകളുമായി ബന്ധപ്പെട്ട് എക്സൈസ് സംഘം തുടര്‍ നടപടികളാരംഭിച്ചു.