
മാങ്കുളം: മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആദിവാസ മേഖലയായ കള്ളക്കൂട്ടികുടിയിലെ കുട്ടികളും രക്ഷിതാക്കളും സ്‌കൂള്‍ തുറന്നതോടെ ആശങ്കയിലാണ്. കുട്ടികള്‍ക്ക് സ്‌കൂളിലേക്കെന്നല്ല പുറം ലോകത്തേക്ക്് എവിടേക്ക് യാത്ര ചെയ്യണമെങ്കിലും നല്ലതണ്ണിയാറിന് കുറുകെ കടക്കണം. നല്ലതണ്ണിയാറിന് കുറുകെ ഉണ്ടായിരുന്ന പഴയ പാലം പ്രളയകാലത്ത് ഒഴുകി പോയി. പക്ഷെ പുതിയ പാലത്തിന്റെ നിര്‍മ്മാണം എവിടെയും എത്തിയില്ല.

പുഴക്കരികില്‍ വരെ കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കുവാന്‍ വാഹനമെത്തും. ചിക്കണംകുടി സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലാണ് ഒട്ടുമിക്ക കുട്ടികളും പഠനം നടത്തുന്നത്. സ്‌കൂളിലേക്കുള്ള യാത്രക്കായി കുട്ടികള്‍ ജീപ്പില്‍ കയറണമെങ്കില്‍ പുഴക്ക് മറുകരയെത്തണം. ഇതാണ് കുട്ടികളെയും രക്ഷിതാക്കളെയും ഒരേ പോലെ വലക്കുന്നത്. മഴക്കാലമാരംഭിച്ചതോടെ ഒറ്റപ്പെട്ട് പോകാതിരിക്കാന്‍ പുഴക്കെ കുറുകെ ഇവര്‍ തന്നെ ഈറ്റകൊണ്ടൊരു തൂക്കുപാലം നിര്‍മ്മിച്ചു.

ഈ പാലത്തിലൂടെ വേണം കുട്ടികളെ മറുകര കടത്താന്‍. സ്ത്രീകളും കുട്ടികളുമൊക്കെ കാട്ടാറിന് കുറുകെ യാത്ര ചെയ്യുന്നത് പറയത്തക്ക ഉറപ്പൊന്നുമില്ലാത്ത ഈ പാലത്തിലൂടെ തന്നെയാണ്. രാവിലെയും വൈകുന്നേരവും കുട്ടികളെ പുഴക്കക്കരെയിക്കരെ കടത്താന്‍ രക്ഷിതാക്കളും ഒപ്പമെത്തണം. കുട്ടികളെങ്ങാന്‍ തനിയെ വന്ന് പാലത്തില്‍ കയറുമോയെന്ന ആശങ്ക സദാസമയവും രക്ഷിതാക്കള്‍ക്കുണ്ട്.

മഴക്കാലത്ത് അലറിക്കുതിച്ചൊഴുകുന്ന പുഴക്ക് മുകളിലൂടെ കുട ചൂടി കുലുങ്ങിയാടുന്ന പാലത്തിലൂടെയുള്ള കുരുന്നുകളുടെ യാത്ര തുടങ്ങിയിട്ട് നാല് വര്‍ഷത്തോളമായി. ഈ ദുരിതം എന്നവസാനിക്കുമെന്ന കാര്യത്തില്‍ ഇവര്‍ക്കിനിയും വ്യക്തതയില്ല. 2018ലെ പ്രളയത്തില്‍ പാലം ഒഴുകി പോയതു മുതല്‍ മഴക്കാലത്ത് സമാനതകളില്ലാത്ത ദുരിതമാണ് കുടുംബങ്ങള്‍ അനുഭവിക്കുന്നത്. അരിയുള്‍പ്പെടെ അവശ്യവസ്തുക്കള്‍ എന്ത് വാങ്ങണമെങ്കിലും പുഴ കടന്ന് ഇക്കരെയെത്തണം. മഴയത്ത് ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്കൊക്കെയുള്ള ഇവരുടെ പുറംലോകത്തേക്കുള്ള യാത്ര ഏറെ ദുഷ്‌ക്കരമാണ്. പുഴ കടന്നിവര്‍ പുറം ലോകത്തേക്ക് യാത്ര ചെയ്യുന്ന റോഡും യാത്രാ യോഗ്യമാക്കേണ്ടതായുണ്ട്. പാലത്തിന്റെയും റോഡിന്റെയുമൊക്കെ നിര്‍മ്മാണത്തിനായി ഫണ്ടനുവദിച്ചുവെന്ന് കള്ളക്കൂട്ടിയിലെ ആളുകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. പക്ഷെ ഈ മഴക്കാലത്തും കാട്ടാറിന് മുകളിലൂടെ ഈറ്റകൊണ്ടുള്ള തൂക്കുപാലത്തിലൂടെ ജീവന്‍കൈയ്യില്‍ പിടിച്ച് യാത്ര ചെയ്യേണ്ടുന്ന ഗതികേടിലാണ് കുടി നിവാസികള്‍.