
അടിമാലി: കല്ലാര്‍കുട്ടി ടൗണില്‍ വാഹനയാത്രികര്‍ക്ക് വിവിധയിടങ്ങളിലേക്ക് പോകേണ്ടുന്ന ദിശമനസ്സിലാകും വിധം ദിശാസൂചികാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നടപടി വേണമെന്നാവശ്യം.മൂന്ന് ഭാഗത്ത് നിന്നും റോഡുകള്‍ വന്ന് സംഗമിക്കുന്ന ഇടമാണ് കല്ലാര്‍കുട്ടി ടൗണ്‍.ചെറുതോണി, നേര്യമംഗലം, അടിമാലി, വെള്ളത്തൂവല്‍, മൂന്നാര്‍ ഭാഗങ്ങളിലേക്ക് കല്ലാര്‍കുട്ടി വഴി കടന്നു പോകാം. മൂന്നാറിലേക്കും ഇടുക്കിയിലേക്കുമൊക്കെ എത്തുന്ന വിനോദ സഞ്ചാരികളും കല്ലാര്‍കുട്ടി വഴി യാത്ര ചെയ്യാറുണ്ട്.

എന്നാല്‍ കല്ലാര്‍കുട്ടി ടൗണിലെത്തി കഴിയുമ്പോള്‍ തങ്ങള്‍ക്ക് പോകേണ്ടുന്ന സ്ഥലങ്ങളുടെ ദിശ എങ്ങോട്ടെന്നറിയാതെ യാത്രക്കാര്‍ കുഴങ്ങാറുണ്ട്.ഈ സാഹചര്യത്തിലാണ് വിവിധയിടങ്ങളിലേക്ക് പോകേണ്ടുന്ന ദിശമനസ്സിലാകും വിധം ടൗണില്‍ ദിശാസൂചികാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നടപടി വേണമെന്ന ആവശ്യമുയര്‍ന്നിട്ടുള്ളത്.

പൊതുവെ ഇടുങ്ങിയ ടൗണാണ് കല്ലാര്‍കുട്ടി. രാവിലെയും വൈകുന്നേരവുമെല്ലാം വലിയ ഗതാഗതകുരുക്കിവിടെ അനുഭവപ്പെടാറുണ്ട്. നിലവില്‍ ആദ്യമായെത്തുന്ന വാഹനയാത്രികരില്‍ പലരും ടൗണില്‍ വാഹനം നിര്‍ത്തി വഴിചോദിച്ചാണ് യാത്ര തുടരുന്നത്. ഇത് ഗതാഗതകുരുക്ക് രൂക്ഷമാക്കാന്‍ ഇടവരുത്തുന്നു. ഈ സാഹചര്യത്തിലാണ് ടൗണില്‍ വലിയ ദിശാസൂചികാ ബോര്‍ഡെന്ന ആവശ്യമുയര്‍ന്നിട്ടുള്ളത്.