കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ നിയമനം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ധര്‍ണ്ണ

മാങ്കുളം: മാങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ ധര്‍ണ്ണാ സമരം. ഡോക്ടറുടെ നിയമനമാവശ്യപ്പെട്ട് കോണ്‍ഗ്രസ് മാങ്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തോഫീസിന് മുമ്പിലായിരുന്നു പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചത്. ധര്‍ണ്ണാ സമരം ഐ എന്‍ റ്റി യു സി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ജോണ്‍സി ഐസക്ക് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മൂന്നാര്‍ ബ്ലോക്ക് പ്രസിഡന്റ് എസ് വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

കോണ്‍ഗ്രസ് മാങ്കുളം മണ്ഡലം പ്രസിഡന്റ് സാജു ജോസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ജൂലി ജോസഫ്, ഇ ജെ ജോസഫ്, പി ജെ തോമസ് പതിയില്‍, ബിജു ജോര്‍ജ്ജ്, സണ്ണി വരിക്കയില്‍, ജാന്‍സി ബിജു തുടങ്ങിയവര്‍ സംബന്ധിച്ചു. മാങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ കുറവ് പ്രതിസന്ധി ഉയര്‍ത്താന്‍ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളായി.

വിവിധ ആദിവാസി ഇടങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ആളുകള്‍ ആശ്രയിക്കുന്ന കേന്ദ്രത്തിന്റെ പ്രവര്‍ത്തനമാണ് ഡോക്ടര്‍മാരുടെ കുറവ് മൂലം താളം തെറ്റിയിട്ടുള്ളത്.ഇടവിട്ട ദിവസങ്ങളില്‍ മറ്റിടങ്ങളില്‍ നിന്നും വന്ന് പോകുന്ന താല്‍ക്കാലിക ഡോക്ടര്‍മാരുടെ സേവനമാണ് ഇപ്പോള്‍ മാങ്കുളത്തെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലഭ്യമായിട്ടുള്ളത്. നിലവില്‍ ഉണ്ടായിരുന്ന അഡ് ഹോക്ക് ഡോക്ടറുടെ സേവനം കൂടി ഇല്ലാതായതോടെയാണ് സ്ഥിരമായി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ ഇല്ലാത്ത സ്ഥിതിയായത്. കുറെ നാളുകള്‍ക്ക് മുമ്പ് വരെ എന്‍ എച്ച് എം ഡോക്ടറുടെ സേവനം കേന്ദ്രത്തില്‍ ലഭിച്ചിരുന്നു. പിന്നീട് അതും ഇല്ലാതായി. ചികിത്സാ സംവിധാനങ്ങള്‍ കാര്യമായി ഇല്ലാത്ത മാങ്കുളത്ത് ആദിവാസി മേഖലകളില്‍ നിന്നുള്ള നിരവധി കുടുംബങ്ങളടക്കം ആശ്രയിക്കുന്ന ചികിത്സാലയമാണ് മാങ്കുളത്തെ കുടുംബാരോഗ്യ കേന്ദ്രം.